ഞായറാഴ്ച്ച ചന്തയ്ക്ക് കൊണ്ട് വന്ന പശു വിരണ്ടോടി, ബസ് സ്റ്റാന്റിലെ ഓവുചാലിൽ കുടുങ്ങി; രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന


പേരാമ്പ്ര: ബസ് സ്റ്റാന്‍ഡിനുള്ളിലെ ഓവുചാലിനുള്ളില്‍ കുടുങ്ങിയ പശുവിനെ പേരാമ്പ്ര അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഞായറാഴ്ച്ച ചന്തയ്ക്ക് കൊണ്ട് വന്ന പശു വിരണ്ടോടിയാണ് ഓവുചാലിനുള്ളില്‍ കുടുങ്ങി പോയത്. കഴിഞ്ഞ രണ്ട് ദിവസമായി പശു ഓവുചാലിനുള്ളിലായിരുന്നു.

ചന്ത നടക്കുന്ന സ്ഥലത്ത് നിന്നും ഓടിയ പശു സ്ലാബ് മൂടിയ ഓവുചാലിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. ഡിമോളിഷിങ്ങ് ഹാമര്‍ , ഹൈഡ്രോളിക്ക് സ്പ്രഡര്‍ എന്നിവ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നടത്തിയ കഠിനശ്രമത്തിന് ശേഷം കോണ്‍ക്രീറ്റ് സ്ലാബ് മുറിച്ച് മാറ്റിയാണ് പശുവിനെ രക്ഷപ്പെടുത്തിയത്.

ബസ് സ്റ്റാന്റിലെ ഓട്ടോ ജീവനക്കാരാണ് കുടുങ്ങിപ്പോയ പശുവിനെ കണ്ടെത്തിയത്. ഉടന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് സ്റ്റാന്റില കോണ്‍ക്രീറ്റ് പൊളിച്ച് പശുവിനെ രക്ഷപ്പെടുത്തിയത്.

സേനാംഗങ്ങളായ കെ.ബൈജു, എം. ഹരീഷ്, വി.കെ സിധീഷ്, എന്‍ എം ലതീഷ്, എസ്.കെ റിതിന്‍, ആര്‍. ജിനേഷ്, രഗിനേഷ്, ഐ. ബിനീഷ് കുമാര്‍, കെ.അജേഷ്, മുരളി, അജീഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.