ക്യാമ്പിന് നേതൃത്വം നല്‍കുന്നത് അറുപതോളം എഴുത്തുകാരും സാഹിത്യനിരൂപകരും; പേരക്ക ബുക്സ് സാഹിത്യ ശില്‍പശാല ‘എഴുത്തുപുര’ ഡിസംബര്‍ 30, 31 തിയ്യതികളില്‍ കാപ്പാട്
കോഴിക്കോട്: പേരക്ക ബുക്സിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനതല സാഹിത്യ ശില്‍പശാല
എഴുത്തുപുര ഡിസംബര്‍ 30, 31 തീയതികളില്‍ കാപ്പാട്, പൂക്കാട് എന്നിവിടങ്ങളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറാം വാര്‍ഷികത്തില്‍ ആയിരം സാഹിത്യ സദസുകളാണ് പേരക്ക പ്രഖ്യാപിച്ചിരുന്നത്. അതില്‍ അറുനൂറാമത്തെ ചടങ്ങാണ് ഈ ക്യാമ്പ്. ഒരുവര്‍ഷം നീണ്ടുനിന്ന ഓണ്‍ലൈന്‍ സാഹിത്യോത്സവത്തിന്റെ സമാപനം കൂടിയാണിത്.
150 പുസ്തക പ്രകാശനങ്ങള്‍, 200 സാഹിത്യമത്സരങ്ങള്‍. 50 സാഹിത്യ സായാഹ്നങ്ങള്‍. ഇരുനൂറ് ഓണ്‍ലൈന്‍ സംവാദങ്ങള്‍. എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. മൂന്നു മാസത്തിനകം ആയിരം ചടങ്ങുകള്‍ കൂടി പൂര്‍ത്തീകരിക്കും.
മുപ്പതിന് ശനിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ (എഫ്.എഫ് ഹാള്‍) യു.കെ കുമാരന്‍ എഴുത്തുപുര ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷയാകും. നാലരമണിക്ക് പേരക്ക പ്രസിദ്ധീകരിച്ച 20 പുസ്തകങ്ങളുടെ പ്രകാശനവും മൂന്നാമത് സാഹിത്യപുരസ്‌കാര സമര്‍പ്പണവും പി.കെ ഗോപി നിര്‍വഹിക്കും.
രണ്ടു ദിവസങ്ങളിലെ ഇരുപത് സെഷനുകളില്‍ അറുപതോളം എഴുത്തുകാരും നിരൂപകരും ക്യാമ്പിന് നേതൃത്വം നല്‍കും. വിവിധ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട എഴുപത് പേരാണ് ക്യാമ്പിലെ അംഗങ്ങള്‍. അംഗങ്ങളിലെ മികച്ച കഥ, കവിത ബാലസാഹിത്യ രചനകള്‍ക്ക് പുരസ്‌കാരവും നല്‍കും.
സാംസ്‌കാരിക സായാഹ്നം വൈകുന്നേരം ഏഴുമണിക്ക് ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാര്‍ ഡോ.കോയ കാപ്പാട് ഉദ്ഘാടനം ചെയ്യും. കഥയരങ്ങ്, കവിയരങ്ങ്, കോല്‍ക്കളി, ദഫ്മുട്ട്, ഗസല്‍, മാജിക് എന്നിവയും കാപ്പാട് കടപ്പുറം പൂക്കാട് ചേമഞ്ചേരി യു.പിസ്‌കൂള്‍ എന്നിവിടങ്ങളിലെ മൂന്നുവേദികളിലായി നടക്കും.
ഡോ.കെ.ശ്രീകുമാര്‍, വി.ടി ജയദേവന്‍, മേലൂര്‍ വാസുദേവന്‍, ഡോ.സോമന്‍ കടലൂര്‍, ഇന്ദുമേനോന്‍, കെ.എസ് രതീഷ്, അബു ഇരിങ്ങാട്ടിരി, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, ആര്യാഗോപി, വിമീഷ് മണിയൂര്‍, ഹക്കീം ചോലയില്‍, മുനീര്‍ അഗ്രഗാമി, മുഖ്താര്‍ ഉദരംപൊയില്‍, മിഥുന്‍ കൃഷ്ണ, അബ്ദുല്ല പേരാമ്പ്ര, സിബിജോണ്‍ തൂവല്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
പേരക്ക മൂന്നാമത് സാഹിത്യപുരസ്‌കാരം അബ്ദുല്ല പേരാമ്പ്രക്കും സിബിജോണ്‍ തൂവലിനും
കോഴിക്കോട്: പേരക്ക ബുക്സിന്റെ മൂന്നാമത് സാഹിത്യ പുരസ്‌കാരം അബ്ദുല്ല പേരാമ്പ്രക്കും സിബിജോണ്‍ തൂവലിനും ലഭിച്ചു. അബ്ദുല്ല പേരാമ്പ്രയുടെ ‘ശാസ്ത്രലോകം അത്ഭുതലോകം ‘എന്ന വൈജ്ഞാനിക കൃതിക്കും സിബിജോണ്‍ തൂവലിന്റെ ‘അതിശയവലയും അത്ഭുതമീനും’ എന്ന കുട്ടികളുടെ നോവലിനുമാണ് പതിനായിരം രൂപയും പതിനായിരം രൂപയുടെ പുസ്തകങ്ങളും ഫലകവും അടങ്ങുന്ന പുരസ്‌കാരം.
പി.കെ ഗോപി, റഫീഖ് പന്നിയങ്കര, ഹംസ ആലുങ്ങല്‍, ബിന്ദുബാബു എന്നിവരടങ്ങിയ സമിതിയാണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത 116 കൃതികളില്‍ നിന്ന് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ മുപ്പതിന് വൈകുന്നേരം നാലുമണിക്ക് പൂക്കാടുള്ള ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പി.കെ ഗോപി നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് സംസ്ഥാനതല സാഹിത്യ ശില്‍പ്പശാലയും സാംസ്‌കാരിക സായാഹ്നവും സംഘടിപ്പിച്ചിട്ടുണ്ട്.
പേരക്ക നാലാമത് സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
കോഴിക്കോട്: പേരക്ക ബുക്സ് നാലാമത് സാഹിത്യ പുരസ്‌കാരത്തിനുള്ള രചനകള്‍ ക്ഷണിച്ചു. ഇത്തവണ സാമൂഹിക പ്രസക്തിയുള്ള നോവല്‍, ക്രൈം ഹൊറര്‍ നോവല്‍ എന്നിവയ്ക്കാണ് അവാര്‍ഡ്. പതിനായിരം രൂപയും പതിനായിരം രൂപയുടെ പുസ്തകങ്ങളുമാണ് പുരസ്‌കാരം. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും നൂറുമുതല്‍ 250 പേജില്‍ കവിയാത്തതുമായ രചനകളുടെ ഡി.ടി.പി സെറ്റ് ചെയ്ത രചനകളാണ് അയക്കേണ്ടത്. പുരസ്‌കാരം നേടുന്ന രചനകളും തെരഞ്ഞെടുക്കപ്പെട്ട രചനകളും പേരക്ക പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
2024 ഏപ്രില്‍ മുപ്പതിനു മുമ്പ് [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ഹംസ ആലുങ്ങല്‍ പേരക്ക ബുക്സ് മൊഫ്യൂസല്‍ ബസ്റ്റാന്‍ഡ് ബില്‍ഡിംഗ് ഫസ്റ്റ് ഫ്ളോര്‍ റൂം നമ്പര്‍ 23 കോഴിക്കോട് 673004 9946570745 എന്ന വിലാസത്തിലോ അയയ്ക്കണം.
പേരക്ക ബുക്‌സ് ഭാരവാഹികളായ ഹംസ ആലുങ്ങല്‍, ഷരീഫ് വി.കാപ്പാട്, കീഴരിയൂര്‍ ഷാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.