മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന വലിയ വിദ്യയുടെ പേരാണ് കലയെന്ന് പി.കെ ഗോപി; പേരക്ക ബുക്‌സിന്റെ എഴുത്തുപുര സാഹിത്യ ക്യാമ്പിന് സമാപനം


ചേമഞ്ചേരി: മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന വലിയ വിദ്യയുടെ പേരാണ് കലയും കവിതയും കഥയും, അതിന്റെ സൗന്ദര്യം ഹൃദയത്തിൽ നിന്ന് ഒരിക്കലും പൊലിഞ്ഞു പോകരുതെന്ന്‌ പ്രശസ്ത കവി പി.കെ ഗോപി. പേരക്ക ബുക്സിന്റെ എഴുത്തുപുര സാഹിത്യ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.

എഴുത്തച്ഛനെ കണ്ടാൽ തുപ്പുന്ന മനുഷ്യരുണ്ടായിരുന്നു. അവരൊക്കെ ഇന്നെവിടെപ്പോയി. അവരുടെ മതബോധവും ജാതിബോധവും തൂത്തിട്ട് പോയില്ല. പക്ഷെ ഇന്ന് ആരെങ്കിലും അവരെ ഓർക്കുന്നുണ്ടോ ? അവർ ചരിത്രത്തിലുണ്ടോ ?എഴുത്തച്ഛൻ മാത്രം ഇന്നും പ്രകാശിപ്പിക്കുന്ന ചൈതന്യമാണ്. കുമാരനാശാന് കവിതയെ എഴുതാനറിയില്ലെന്ന് പറഞ്ഞ ഒരു മഹാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്ന് ഞാൻ പറഞ്ഞതല്ല . ചരിത്രം പറഞ്ഞതാണ്. പക്ഷേ സ്വദേശാഭിമാനിയെ ഓർക്കുന്നതിന്റെ നൂറ് മടങ്ങ് കുമാരനാശാനെ ഓർക്കുകയും ഓമനിക്കുകയും ചെയ്ത് കൊണ്ടേയിരിക്കുന്നു. അതാണ് എഴുത്തിന്റെയും കലയുടെയും വിശുദ്ധിയെന്നും അദ്ധേഹം പറഞ്ഞു.

ചടങ്ങിൽ പേരക്ക ബുക്സ് മൂന്നാമത് സാഹിത്യ പുരസ്‌കാരങ്ങള്‍ അബ്ദുല്ല പേരാമ്പ്ര, സിബി ജോൺ തൂവൽ എന്നിവർക്ക് സമ്മാനിച്ചു. പേരക്ക ബുക്സിന്റെ ഏറ്റവും പുതിയ 20 പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു. സാംസ്കാരിക സായാഹ്നം ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് ഉദ്ഘാടനം ചെയ്തു.