പേരക്ക ബുക്‌സ് കുറുങ്കഥ, കുറങ്കവിത ക്യാമ്പ്; കോഴിക്കോട് നടന്ന ക്യാമ്പില്‍ പങ്കെടുത്തത് ബിനേഷ് ചേമഞ്ചേരിയും ഷെരീഫ് വി.കാപ്പാടുമടക്കം 50ഓളം യുവ എഴുത്തുകാര്‍


കോഴിക്കോട്: പേരക്ക ബുക്‌സ് സംഘടിപ്പിച്ച കുറുങ്കഥ, കുറുങ്കവിത ക്യാമ്പും എഴുത്തുപുര മാസിക കവര്‍ പേജ് പ്രകാശനവും പ്രശസ്ത കവി സത്യ ചന്ദ്രന്‍ പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. പേരക്ക മാനേജിംഗ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ അധ്യക്ഷനായി. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുക്താര്‍ ഉദരംപൊയില്‍ മുഖ്യപ്രഭാഷണം നടത്തി.

രണ്ട് ഗ്രൂപ്പുകളായി നടന്ന ചര്‍ച്ചയില്‍ അംഗങ്ങള്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ചു. കഥാചര്‍ച്ചയ്ക്ക് റഫീഖ് പന്നിയങ്കര, ഷെരീഫ്.വി കാപ്പാട് എന്നിവരും കവിതാ ചര്‍ച്ചയ്ക്ക് ബിനേഷ് ചേമഞ്ചേരി, ബിന്ദുബാബു എന്നിവരും നേതൃത്വം നല്‍കി.

കുറുങ്കഥ വിഭാഗത്തില്‍ നഫ്‌സിഹ അഫ്‌സറിന്റെ ചൂല്, കുറുങ്കവിത വിഭാഗത്തില്‍ ഒ.എം ബാലന്‍ തിരുവോടിന്റെ മഴനൂലുകള്‍ എന്നിവ മികച്ച രചനകളായി തെരെഞ്ഞെടുത്തു. വിജയികള്‍ക്ക് സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, മുക്താര്‍ ഉദരംപൊയില്‍ എന്നിവര്‍ സമ്മാനവിതരണം നടത്തി.

കോഴിക്കോട് വച്ച് നടന്ന ക്യാമ്പില്‍ 50 ഓളം യുവ എഴുത്തുകാര്‍ പങ്കെടുത്തു. ബിന്ദു ബാബു സ്വാഗതവും ഷെരീഫ് വി കാപ്പാട് നന്ദിയും പറഞ്ഞു.