‘തിക്കോടിയിലെ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണണം’; നന്തിയിലെ വഗാര്‍ഡ് ഓഫീസില്‍ പ്രതിഷേധവുമായി ജനപ്രതിനിധികള്‍, നടപടി സ്വീകരിച്ചില്ലെങ്കില്‍ വഗാര്‍ഡ് വാഹനങ്ങള്‍ തടയുമെന്ന് മുന്നറിയിപ്പ്‌


തിക്കോടി: തിക്കോടിയിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നന്തിയിലെ വഗാര്‍ഡ് ഓഫീസില്‍ പ്രതിഷേധവുമായി ജനപ്രതിനിധികള്‍. വികസകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ക്ഷേമകാര്യകമ്മിറ്റി ചെയര്‍മാന്‍, തിക്കോടിയിലെ വ്യാപാരികള്‍ എന്നിവര്‍ ചേര്‍ന്ന് നന്തിയിലെ വഗാര്‍ഡ് ഓഫീസ് അധികൃതരുമായാണ് ചര്‍ച്ച നടത്തിയത്.

ചര്‍ച്ചയില്‍ ഇന്ന് തന്നെ തിക്കോടി പഞ്ചായത്തിന് സമീപം കെട്ടിക്കിടക്കുന്ന വെള്ളം ടാങ്കര്‍ ഉപയോഗിച്ച് നീക്കാമെന്നും ഡ്രൈനേജ് സൗകര്യം ഒരുക്കാമെന്നും നന്തിയിലെ വാഗര്‍ഡ് ഓഫീസ് അധികൃതര്‍ അറിയിച്ചതായി തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ തിക്കോടി പഞ്ചായത്തിന് സമീപം നിരവധി കടകളിലും വീട്ടിലും വെള്ളം കയറിയിരുന്നു. പടിഞ്ഞാറ് ഭാഗത്ത് ബീച്ച് റോഡില്‍ ഏഴോളം കടകളിലും ഒരു വീട്ടിലും വില്ലേജ് ഓഫീസ്, സര്‍വ്വീസ് സഹകരണ ബേങ്ക്, പഞ്ചായത്തിന്റെ വായനശാല എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. നിലവില്‍ വെള്ളക്കെട്ടിന് യാതൊരു പരിഹാരവും കണ്ടെത്തിയിരുന്നില്ല. നിരവധി കടകളില്‍ വെള്ളം കയറിയതിനാല്‍ പല സാധനങ്ങളും ചെളി വെള്ളത്തില്‍ കുതിര്‍ന്നിരിക്കുകയാണ്.

ദേശീയ പാതയുടെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. വഗാര്‍ഡ് അധികൃതര്‍ ഇന്ന് ഉച്ചയ്ക്ക് 2.30 യോടെ സ്ഥലത്തെത്തി ടാങ്കറെത്തിച്ച് വെള്ളം വറ്റിച്ച് നിലവിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തുമെന്ന് നന്തി വഗാര്‍ഡ് ഓഫീസിലെ അധികൃതര്‍ ഉറപ്പ് നല്‍കിയതായി ക്ഷേമകാര്യകമ്മിറ്റി ചെയര്‍മാന്‍ ആര്‍. വിശ്വന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മൂന്ന് മണി വരെ തങ്ങള്‍ സമയം നല്‍കുമെന്നും അതിനുശേഷവും നടപടി സ്വീകരിച്ചില്ലെങ്കില്‍ വീണ്ടും വഗാര്‍ഡ് ഓഫീസിലെത്തി വണ്ടികള്‍ തടയുന്നതടക്കമുള്ള നടപടികള്‍ ജനകീയ കമ്മിറ്റി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ മുന്‍പ് വെള്ളം റോഡിന്റെ കിഴക്ക് ഭാഗത്തേക്ക് ഒഴുകിപ്പോകാനായി ഓവുപാലവും ഉണ്ടായിരുന്നു. ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി ഓവുപാലം ഇല്ലാതാവുകയും സര്‍വ്വീസ് റോഡ് വരികയും ചെയ്തതോടെ പടിഞ്ഞാറ് ഭാഗത്തുള്ള വെള്ളം എവിടെയും ഒഴുകിപ്പോകാത്ത സ്ഥിതിയായി. മുന്‍പ് ഉണ്ടായിരുന്ന ഓവുചാല്‍ സ്ഥലത്തുകൂടി മാത്രമേ ഡ്രൈനേജ് സംവിധാനം ഏര്‍പ്പെടുത്തുത്താന്‍ സാധിക്കുമെന്നും ഇത് അധികൃതര്‍ക്ക് വ്യക്തമാക്കിക്കൊടുത്തിരുന്നെന്നും പറഞ്ഞു.

വികസകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില സത്യന്‍, ക്ഷേമകാര്യകമ്മിറ്റി ചെയര്‍മാന്‍ ആര്‍ വിശ്വന്‍, ജനപ്രതിനിധികളായ സന്തോഷ് തിക്കോടി, ഷീബ പുല്‍പ്പാണ്ടി, ജയകൃഷ്ണന്‍, സുബീഷ്, ബ്ലോക്ക് മെമ്പര്‍ റംല, അബ്ദുള്ളക്കുട്ടി, വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് തിക്കോടിയിലെ ദുരിതമനുഭവിക്കുന്ന കച്ചവടക്കാരും വഗാര്‍ഡ് ഓഫീസ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു.