സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരസഭയായി മാറാനുള്ള ഒരുക്കത്തില്‍ കൊയിലാണ്ടി നഗരസഭ; സെപ്തംബര്‍ 23 ന് ജനകീയ സംഘാടക സമിതി ചേരുന്നു


കൊയിലാണ്ടി: മാലിന്യ മുക്തം നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ വിപുലമായ പ്രചരണബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കൊയിലാണ്ടിയില്‍ ജനകീയ സംഘാടക സമിതി ചേരുന്നു. സെപ്തംബര്‍ 23 ന് മൂന്ന് മണിക്ക് കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ഹാളില്‍ വെച്ചാണ് സംഘാടക സമിതി ചേരുന്നത്.

‘ശുചിത്വകേരളം സുസ്ഥിര കേരളം’ എന്ന ലക്ഷ്യത്തോടെ നഗരസഭയെ സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരസഭയാക്കി മാറ്റുന്നതിനായുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കാണ് സമതിയിലൂടെ ലക്ഷ്യമിടുന്നത്. 2024 ഒക്ടോബര്‍ 2 (ഗാന്ധിജയന്തി ദിനം) മുതല്‍ 2025 മാര്‍ച്ച് 30 (അന്താരാഷ്ട്ര സീറോ വേയ്സ്റ്റ് ദിനം) വരെയാണ് ക്യാമ്പിന്‍ നടപ്പിലാക്കുന്നതിന് കേരളമൊട്ടാകെ തയ്യാറെടുക്കുന്നത്.

നഗരസഭാ കൗണ്‍സിലര്‍മാര്‍, നവകേരള മിഷന്‍ പ്രതിനിധികള്‍, ശുചിത്വ മിഷന്‍ പ്രതിനിധികള്‍, കുടുംബശ്രീ ജില്ലാമിഷന്‍
പ്രതിനിധികള്‍, വിവിധ വകുപ്പുകളായ മൈനര്‍ ഇറിഗേഷന്‍, പൊതുവിദ്യാഭ്യാസവകുപ്പ്, റവന്യൂ, ടൂറിസം മുതലായവയുടെ മേധാവികള്‍, സി.ഡി.എസ് അംഗങ്ങള്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാര്‍, എഡി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടന, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, പ്രതിനിധികള്‍,വനിതാ സംഘടനാ പ്രവര്‍ത്തകര്‍, യുവജന സംഘടനാ പ്രവര്‍ത്തകര്‍, വായനശാലാ ക്ലബ്ബ് ഭാരവാഹികള്‍, റസിഡണ്ട് അംഗങ്ങള്‍ തുടങ്ങിയവര്‍ ജനകീയ സംഘാടക സമിതിയില്‍ പങ്കുചേരണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി അറിയിച്ചു.