ആക്രമകാരികളായ തെരുവ് നായകളെ കൂട്ടിലടക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം; പയ്യോളി മുന്‍സിപ്പാലിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി ജനകീയകൂട്ടായ്മ


പയ്യോളി: ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പയ്യോളി മുന്‍സിപ്പാലിറ്റി ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ആക്രമണകാരികളായ തെരുവ് നായകളെ കൂട്ടിലടക്കുക എന്ന ആവശ്യവുമായാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്ന അതിഥി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

തെരുവുനായകളുടെ ആക്രമണം ദിവസേനയെന്നോണം വര്‍ദ്ധിക്കുമ്പോഴും ഇതിനെതിരെ യാതൊരു നടപടിയും നഗരസഭാ അധികൃതര്‍ സ്വീകരിച്ചില്ലെന്ന് പ്രതിഷേധത്തില്‍ ആരോപിച്ചു. ആക്രമണം ഭയന്ന് വിദ്യാര്‍ത്ഥികളെ വിദ്യാലയങ്ങളിലൊ പുറത്തേക്കൊ വിടാന്‍ കഴിയാത്ത അവസ്ഥയിലാണ് രക്ഷിതാക്കളെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ ആരോപിച്ചു.

ആക്രമകാരികളായ തെരുവ് നായകളെ കുട്ടീലടക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതിലും പരിഹാരമായില്ലങ്കില്‍ തുടര്‍ന്നും ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും പ്രതിഷേധ മാര്‍ച്ചില്‍ ജനകീയ കൂട്ടായ്മ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

എസ്.വി. റഹ്‌മത്തുള്ള അധ്യക്ഷത വഹിച്ച മാര്‍ച്ചില്‍ നഗരസഭാഗം ചെറിയാവി സുരേഷ് ബാബു, കമല സി.ടി, എം.പി .ഭരതന്‍, കെ.ടി. ഷിബു, എം.ടി നാണു മാസ്റ്റര്‍, എ.വി. ബാലകൃഷ്ണന്‍, ദോഫാര്‍ അഷ്‌റഫ്, ഇരിങ്ങല്‍ അനില്‍കുമാര്‍, പി.വി. സജിത്ത് , എസ്.വി. സലിം, ബിനീഷ്. എന്‍.ടി., സുധീഷ് കുമാര്‍, സി.പി ഷമോജ്, കെ. ബിജീഷ് ശലഭം, അഹമ്മദ് കരീം, ഫര്‍വിസ് കോട്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Summary: People’s group took out a protest march to Payoli Municipality Office.