കോടഞ്ചേരി പതങ്കയത്ത് വിലക്കു ലംഘിച്ച് കുളിക്കാനെത്തുന്നവരുടെ തിരക്ക്; ഒടുവില്‍ പോലീസെത്തി സഞ്ചാരികളെ പറഞ്ഞയച്ചു


കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് വിലക്ക് ലംഘിച്ച് കുളിക്കാനെത്തുന്നവരുടെ തിരക്ക്. ഇന്നലെ നല്ല തെളിമയുള്ള കാലാവസ്ഥയായതിനാല്‍ നിരവധി ആളുകളാണ് നാരങ്ങാത്തോട്, പതങ്കയത്തും എത്തിയത്. ഇതോടെ പരിസരം വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു കവിഞ്ഞു.

നാട്ടുകാര്‍ കോടഞ്ചേരി പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ പോലീസ് സ്ഥലത്തെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. അംഗീകൃത വിനോദസഞ്ചാരകേന്ദ്രമല്ലാത്തതിനാല്‍ ഇവിടെ സുരക്ഷാസംവിധാനങ്ങളോ ഗാര്‍ഡുകളോ ഇല്ല. കരിങ്കല്‍ക്കൂട്ടങ്ങളും കയങ്ങളും നിറഞ്ഞ പതങ്കയത്ത് അപകടം പുതുമയല്ല. ഇവിടെ അപകടത്തില്‍പ്പെടുന്നത് ഇരുവഞ്ഞിപ്പുഴയുടെ ഭൂമിശാസ്ത്രമറിയാത്ത പട്ടണപ്രദേശങ്ങളില്‍നിന്നുള്ളവരാണ്. ഇരുപതോളം പേരുടെ ജീവനുകളാണ് ഇവിടെ പൊഴിഞ്ഞത്.

പെരുന്നാള്‍ അവധിയോടനുബന്ധിച്ചും മറ്റും കുട്ടികളും യുവതി-യുവാക്കളും കൂട്ടമായാണ് പതങ്കയത്തേക്ക് എത്തിയത്. പ്രവേശനകവാടത്തില്‍ പുഴയിലിറങ്ങുന്നത് നിരോധിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടെങ്കിലും ഊടുവഴികളിലുടെയാണ് ഒട്ടേറെപേര്‍ പതങ്കയത്തേക്ക് എത്തിയത്.