ജനങ്ങളെ കബളിപ്പിച്ച് വാഗാഡ് കമ്പനി, എല്ലാ ഉറപ്പുകളും വീണ്ടും ലംഘിച്ചു; നന്തി ശ്രീശൈലം കുന്നിലെ ഓഫീസിന് മുന്നില്‍ വീണ്ടും ഉപരോധ സമരവുമായി ജനങ്ങള്‍ (വീഡിയോ)
കൊയിലാണ്ടി: ജനജീവിതം ദുരിതത്തിലാക്കിയ വാഗാഡ് കമ്പനിക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വീണ്ടും ഉപരോധ സമരം ആരംഭിച്ചു. നന്തി ശ്രീശൈലം കുന്നിലെ വാഗാഡ് ഓഫീസും ലേബര്‍ ക്യാമ്പുമാണ് ജനങ്ങള്‍ ഉപരോധിക്കുന്നത്. ദേശീയപാതയുടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഇവിടെ വാഗാഡ് ക്യാമ്പ് സ്ഥാപിച്ചത്.
ഇന്നലെ രാവിലെ കമ്പനിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചുകൊണ്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ വാഗാഡ് ക്യാമ്പും ഓഫീസും ഉപരോധിച്ചിരുന്നു. എന്നാല്‍ ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ളവരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകളെ തുടര്‍ന്ന് ഉച്ചയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
കിണറുകള്‍ മലിനമായതിനെ തുടര്‍ന്ന് സമീപത്തെ 19 വീടുകളില്‍ കുടിവെള്ള പ്രശ്‌നമുണ്ട്. ഈ വീടുകളില്‍ ഇന്നലെ വൈകീട്ട് നാല് മണിക്ക് ആയിരം ലിറ്റര്‍ വീതം വെള്ളവും ആയിരം ലിറ്റര്‍ ശേഷിയുള്ള ടാങ്കുകളും എത്തിക്കാമെന്നായിരുന്നു ഇന്നലെ സമരം അവസാനിപ്പിക്കാനായി നല്‍കിയ ഉറപ്പുകളില്‍ പ്രധാനപ്പെട്ടത്.
ശാസ്ത്രീയമായ രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതുവരെ ഇവിടെയുള്ള ലേബര്‍ ക്യാമ്പ് അടച്ചുപൂട്ടുമെന്ന ഉറപ്പും ഇന്നലെ ലഭിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ക്കെല്ലാം പുല്ലുവിലയാണ് വാഗാഡ് കമ്പനി കല്‍പ്പിച്ചത്. പ്രദേശത്തെ 19 വീടുകളിലേക്കുമായി ആയിരം ലിറ്റര്‍ വെള്ളം മാത്രമാണ് ഇന്നലെ എത്തിച്ചത്. വെള്ളം സംഭരിക്കാനായി ആയിരം ലിറ്റര്‍ ശേഷിയുള്ള ടാങ്കുകള്‍ എത്തിച്ചിട്ടുമില്ല.
ലേബര്‍ ക്യാമ്പ് അടച്ചുപൂട്ടും എന്ന ഉറപ്പും കമ്പനി പാലിച്ചിട്ടില്ല. ഇന്നലെ രാത്രിയും നൂറിലേറെ തൊഴിലാളികള്‍ ക്യാമ്പിലുണ്ടായിരുന്നു. ക്യാമ്പിലേക്ക് പുതിയ തൊഴിലാളികള്‍ എത്തിയതായും ആരോപണമുണ്ട്.
ഈ സാഹചര്യത്തിലാണ് ഇന്ന് കമ്പനിക്കെതിരെ ജനങ്ങള്‍ ശക്തമായ ഉപരോധ സമരവുമായി രംഗത്തു വന്നത്. ക്യാമ്പ് അടച്ചുപൂട്ടുന്നത് വരെ കമ്പനിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചുകൊണ്ടുള്ള ഉപരോധ സമരം തുടരാനാണ് സമരസമിതിയുടെ നിലവിലെ തീരുമാനം. സമരം ആരംഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.