‘പ്രദേശവാസികള്‍ അല്ലാത്തവര്‍ ഇവിടെ വന്നു ലഹരി ഉപയോഗിക്കുന്നു, രഹസ്യമായ ലഹരി വിൽപ്പനയും നടക്കുന്നുണ്ട്’; ലഹരി വിൽപ്പനയ്‌ക്കെതിരെ നടേരിക്കടവിലെ നാട്ടുകാര്‍ രംഗത്ത്; രാത്രിയും പകലും നാട്ടുകാരുടെ നേതൃത്വത്തില്‍ നിരീക്ഷണ സ്‌ക്വാഡ്


കൊയിലാണ്ടി: ‘ഈ പ്രദേശത്ത് മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു’. കീഴരിയൂർ പഞ്ചായത്തിലെ നടേരിക്കടവിലും നീര്‍പ്പാലം കേന്ദ്രീകരിച്ചും നടക്കുന്ന ലഹരി വില്‍പ്പനയ്ക്കും ഉപയോഗത്തിനുമെതിരെ ബാനർ കെട്ടി സമീപ വാസികള്‍ രംഗത്ത്.

കുറച്ചു നാളുകളായി പാലം കേന്ദ്രികരിച്ചു ലഹരി കച്ചവടം നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനെതിരെയാണ് പാലത്തിൽ ബാനർ കെട്ടി ശക്തമായി പ്രതിഷേധിച്ചത്. കൊയിലാണ്ടി പോലീസിന്റെ നിർദ്ദേശ പ്രകാരം പാലത്തിൽ വാഹനം നിർത്തിയിടുന്നതും ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും നിരോധിച്ചതാണ് ബാനറിൽ എഴുതിയിട്ടുണ്ട്.

‘പ്രദേശവാസികള്‍ അല്ലാത്തവര്‍ നടേരിക്കടവ് ഭാഗത്ത് എത്തി ലഹരി ഉപയോഗിക്കുന്നുണ്ട്. ലഹരി വസ്തുക്കളുടെ വില്‍പ്പനയും രഹസ്യമായി നടക്കുന്നുണ്ട്’. നാട്ടുകാർ പ്രതികരിച്ചു. ഇതിനെതിരെ കൊയിലാണ്ടി പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്.

കൂടാതെ അക്വഡേറ്റ് കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്‍പനയും ഉപയോഗവും തടയുന്നതിന് വേണ്ടി നാട്ടുകാര്‍ ജാഗ്രതാ സമിതി രൂപവല്‍ക്കരിച്ചു . രാത്രിയും പകലും നാട്ടുകാരുടെ നേതൃത്വത്തില്‍ നിരീക്ഷണ സ്‌ക്വാഡും പ്രവര്‍ത്തിക്കുന്നുണ്ട്. നീര്‍പ്പാലത്തിലും പരിസരങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും തടയാനായി ജനകീയ സമിതിയും കർമ്മനിരതരാണ്.