”സ്റ്റേഷനെന്നു കരുതി കൈക്കുഞ്ഞുമായി ഭാര്യ വലിഞ്ഞിറങ്ങി, എവിടെയും വെളിച്ചമില്ല” പയ്യോളി സ്റ്റേഷനെന്നു കരുതി രണ്ടരകിലോമീറ്റര്‍ അപ്പുറം ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പെരുവഴിയില്‍ ഇറങ്ങിയ അവസ്ഥവിവരിച്ച് യാത്രക്കാരന്‍


പയ്യോളി: ‘ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ സ്‌റ്റേഷനെന്നു കരുതിയാണ് ഇറങ്ങിയത്. കൈക്കുഞ്ഞുമായി ഭാര്യ വലിഞ്ഞിറങ്ങുകയായിരുന്നു’ ശനിയാഴ്ച രാത്രി പയ്യോളി സ്‌റ്റേഷനില്‍ നിര്‍ത്താതെ പോയ എക്‌സിക്യുട്ടീവ് എക്പ്രസിലെ യാത്രികന്‍ അര്‍ജുന്‍ കമലിന്റെ വാക്കുകളാണിത്. പയ്യോളി ഏറെ പരിചയമുള്ള ആള്‍ക്കുപോലും ഇങ്ങനെയൊരു സംശയം തോന്നിയാല്‍ അതിശയിക്കാനാല്ല. അതാണ് സ്‌റ്റേഷന്റെ നിലവിലെ അവസ്ഥ.

പ്ലാറ്റ്‌ഫോമിന് നീളം വളരെ കുറവാണ്. മുന്നിലും പുറകിലുമായി ഏഴോളം ബോഗികള്‍ പ്ലാറ്റ്‌ഫോമിന് പുറത്താകാറുണ്ട്. വെളിച്ചമില്ല. നല്ല ഇരിപ്പിടംപോലുമില്ല. പലപ്പോഴും രാത്രി സമയങ്ങളില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ മുമ്പിലും പുറകിലുമുളളവര്‍ കാടുപിടിച്ച ഇടങ്ങളില്‍ ഏറെ ബുദ്ധിമുട്ടി ഇറങ്ങേണ്ടിവരികയാണ്. പ്രായമായവരും കുട്ടികളും കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നവരുമൊക്കെയാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഒരുമിനിറ്റ് മാത്രമാണ് ഇവിടെ ട്രെയിന്‍ നിര്‍ത്തുക. അതിനുള്ളില്‍ ഏറെ റിസ്‌കെടുത്ത് ഇറങ്ങുകയും വേണം.

കുടുംബത്തിനൊപ്പം എറണാകുളത്തുനിന്നാണ് അര്‍ജുനും ഭാര്യയും എക്‌സിക്യുട്ടീവ് കയറിയത്. ഒരുവയസുള്ള കുഞ്ഞും ഒപ്പമുണ്ടായിരുന്നു. ഒരുമിനിറ്റ് മാത്രം സ്റ്റോപ്പുള്ള പയ്യോളിയില്‍ ഇറങ്ങാന്‍ തയ്യാറായി വാതില്‍ക്കല്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇറങ്ങിയപ്പോഴാണ് സ്‌റ്റേഷനിലല്ല ഇറങ്ങിയതെന്ന് മനസിലായത്. ഇതോടെ വീണ്ടും ട്രെയിനിലേക്ക് തന്നെ കയറുകയായിരുന്നു.

വടകര സ്‌റ്റേഷനില്‍ ഇറങ്ങി അവിടെ നിന്നും ഓട്ടോറിക്ഷയില്‍ പയ്യോളിയിലേക്ക് പോകേണ്ടിവന്നു. വീട്ടിലെത്തുമ്പോള്‍ പുലര്‍ച്ചെ ഒന്നരയായെന്നനും അര്‍ജുന്‍ പറഞ്ഞു.