‘വൃക്ക പകുത്തു നല്‍കാന്‍ ഭാര്യ സിന്ധുവുണ്ട്, ചികിത്സയ്ക്കായി ഷാജിക്ക് വേണം ഭീമമായ തുക’; ഇരുവൃക്കകളും തകരാറിലായ പയ്യോളി സ്വദേശിയുടെ ചിത്സയ്ക്കായി നമുക്ക് കൈകോര്‍ക്കാം
പയ്യോളി: ഇരുവൃക്കകളും തകരാറിലായ പയ്യോളി സ്വദേശി ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് കിടപ്പിലായ പയ്യോളി കണ്ണം വെള്ളി ഷാജിയാണ് കാരുണ്യം തേടുന്നത്.
ഷാജിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വൃക്ക മാറ്റിവെക്കലല്ലാതെ മാറ്റുമാര്‍ഗമില്ല. വൃക്ക നല്‍കാന്‍ ഭാര്യ സിന്ധു തയ്യാറാണ്. എന്നാല്‍ ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടിലാണിവര്‍. ആറ് വര്‍ഷം മുമ്പാണ് ഷാജിക്ക് രോഗം സ്ഥിരീകരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഡയാലിസിസും ആരംഭിച്ചു. അതോടെ പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായി. മെക്കാനിക്കായ ഷാജിയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഷാജി കിടപ്പിലായതോടം അതും നിലച്ചു.
ഭാര്യ സിന്ധുവാണ് ഷാജിക്ക് പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്തു കൊടുക്കുന്നത്. അതിനാല്‍ ജോലി ആവശ്യാര്‍ത്ഥം വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. നാട്ടുകാരുടെയും, കുടുംബക്കാരുടെയും, സുഹൃത്തുകളുടെയും സഹായത്തിനാലാണ് ഡയാലിസിസും മരുന്നും വാങ്ങുന്നതെന്ന് സിന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
‘ഷാജിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ വൃക്ക നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ശസ്ത്രക്രിയയ്ക്ക് ഭീമമായ തുക വേണം. അത് കണ്ടെത്താന്‍ എല്ലാവരുടെയും സഹായം ആവശ്യമാണ്’ – സിന്ധു പറഞ്ഞു.
ശസ്ത്രക്രിയയ നടക്കണമെങ്കില്‍ കാരുണ്യ /സ്‌നേഹസ്പര്‍ശം പദ്ധതി ആനുകൂല്യങ്ങള്‍ക്കു പുറമെ ഇനിയും ലക്ഷങ്ങള്‍ ആവശ്യമായി വേണ്ടതുണ്ടതുണ്ട്. ഷാജിയുടെ ചികിത്സയ്ക്കായി ഫെഡറല്‍ ബേങ്കിന്റെ പയ്യോളി ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.