ശാസ്ത്രഞ്ജരുമായുള്ള അഭിമുഖം, സിനിമ ക്യാമ്പ്, ഫീൽഡ് ട്രിപ്പുകൾ; പയ്യോളിയിലെ കുട്ടികൾ വേറെ ലെവൽ ആകും
പയ്യോളി: പയ്യോളിയിലെ കുട്ടികൾ എന്ന സുമ്മാവാ! ഇനി വേറെ ലെവൽ ആകും. കുട്ടിപ്രതിഭകൾക്ക് പുതിയ വാതായനങ്ങൾ തുറക്കാൻ പദ്ധതികളുമായി പയ്യോളി ഹൈ സ്കൂൾ. മൂന്ന് വർഷം നീണ്ട് നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.
750 കുട്ടികളിൽ നിന്ന് വിവിധ പരീക്ഷകളിൽ കൂടി 50 പ്രതിഭകളെ തെരെഞ്ഞെടുത്തു. ശാസ്ത്രഞ്ജരുമായുള്ള അഭിമുഖം, രാജ്യത്തെ പ്രധാന ശാസ്ത്ര സ്ഥാപനങ്ങളിലെ സന്ദർശനം, നിരന്തരമായ പരിശീലനങ്ങൾ, എല്ലാ ശനിയാഴ്ചകളിലും ഞായറാഴചകളിലും ക്ലാസ്സുകൾ, നാടകക്യാമ്പ്, സിനിമ ക്യാമ്പ്, വായനശാലകൾ, സഹവാസ ക്യാമ്പുകൾ, വിദഗ്ദരുമായുള്ള അഭിമുഖങ്ങൾ, ഫീൽഡ് ട്രിപ്പുകൾ തുടങ്ങിയ വൈവിധ്യമാർന്ന നിരവധി പദ്ധതികളാണ് ഒരുങ്ങുന്നത്.
ഇതിനു പുറമെ ഐ.എ.എസ്, ഐ.പി.എസ്, എൻ.ഡി.എ തുടങ്ങിയ മത്സര പരീക്ഷകൾക്കും കുട്ടികളുടെ പ്രത്യേക അഭിരുചികൾ മനസ്സിലാക്കി ആ മേഖലകളിലേക്ക് കുട്ടികളെ തിരിച്ചു വിടുകയാണ് സ്റ്റുഡന്റ് ടോട്ടൽ എംപവർമെൻറ് പ്രോഗ്രാമിന്റെ ലക്ഷ്യം. വിദ്യാലയത്തിൽ ഇവർക്കുപയോഗിക്കാൻ 25000 പുസ്തകങ്ങളോടു കൂടിയ ലൈബ്രറിയും ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് ഫിസ്കസ്, കെമിസ്ട്രി , ബയോളജി ലാബുകളിൽ അവർക്ക് പ്രത്യേക അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ കണ്ടുപിടുത്തങ്ങൾക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ ഇന്നോവേഷൻ ക്ലബിന് രൂപം കൊടുത്തിട്ടുണ്ട്.
എസ്.ടി.ഈ.പി പദ്ധതി പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ മനോജ് കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അജ്മൽ മാടായി, മനോജ് കുമാർ സി.എം., ഗോവിന്ദൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, അനിത യു.കെ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ കെ.എൻ ബിനോയ് കുമാർ സ്വാഗതവും കെ.വി പ്രേമചന്ദ്രൻ നന്ദി പറഞ്ഞു.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കോ-ഓർഡിനേറ്ററും മോട്ടിവേറ്ററുമായ ഡോ.അബ്ദുൾ നാസർ, ശ്രീ.പ്രദീപ് മുദ്ര (നാടകം), സഹദേവൻ മാസ്റ്റർ (ഗണിതം മധുരം), ജോർജ്ജ് മാസ്റ്റർ കെ.ടി ( അനന്ത വിസ്മയം പ്രപഞ്ചം), അഡ്വ. അമൽ കൃഷ്ണ (കുട്ടികളുടെ നിയമങ്ങൾ) എന്നിവർ പങ്കെടുക്കും. കായിക പരിശീലനം, നാടൻ പാട്ട്, യോഗ, ക്യാമ്പ് ഫയർ തുടങ്ങി 2 ദിവസം നീണ്ടു നിൽക്കുന്ന റസിഡൻഷ്യൽ ക്യാമ്പിനാണ് തുടക്കം കുറിക്കുന്നത്.