‘പയ്യോളിയില്‍ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കും’; പയ്യോളിയിലെ തീരദേശ മേഖല സന്ദര്‍ശിച്ച് പി.ടി ഉഷ എംപി
പയ്യോളി: പയ്യോളി തീരദേശ മേഖലയില്‍ സന്ദര്‍ശനം നടത്തി പി.ടി. ഉഷ എംപി. മത്സ്യത്തൊഴിലാളികളുടെ ഏരെ നാളത്തെ ആവശ്യമായ ഫിഷ് ലാന്‍ഡിംങ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പി.ടി. ഉഷ, പറഞ്ഞു. ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ , പുലിമുട്ട് എന്ന ആവശ്യം സംബന്ധിച്ച നിവേദനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. രണ്ടാം മോഡി സര്‍ക്കാരിലെ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പുരുഷോത്തം രൂപാല ഈ വിഷയത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് പി.ടി ഉഷ എംപിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് കേരള ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം കഴിഞ്ഞ വര്‍ഷം സ്ഥലം സന്ദര്‍ശിക്കുകയും വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറി. പ്രസ്തുത പദ്ധതി പഠനത്തിനായി, ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഈ വിഷയത്തില്‍ പഠനം നടത്തി ശുപാര്‍ശകള്‍ നല്‍കാന്‍ ചുമതലപ്പെടുത്തണമെന്നും പിടി ഉഷ എംപി ആവശ്യപെട്ടിട്ടുണ്ട്.
തന്റെ കായിക പരിശീലന കാലത്തിന്റെ ആദ്യപാദങ്ങളില്‍ തനിക്ക് താങ്ങും തണലുമായി നിന്ന പയ്യോളിയിലെ മല്‍സ്യ ത്തൊഴിലാളികളുടെ അതിജീവന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതും അവരുടെ ജീവിത നിലവാരം ഉയര്‍ത്തേണ്ടതും തന്റെ കടമയാണെന്നും അതിനായി സാധ്യമായ എല്ലാ ഇടപെടലുകളും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും പിടി ഉഷ എംപി പറഞ്ഞു.
പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ എംപി നേരിട്ട് ചോദിച്ചറിയുകയും അവര്‍ക്കൊപ്പം ഏറെ സമയം ചെലവഴിച്ചുമാണ് പി.ടി ഉഷ എം.പി പയ്യോളിയില്‍ നിന്നും മടങ്ങിയത്. തുടര്‍ന്ന് നഗരസഭയിലെ 26 ഡിവിഷനിലെ പാണ്ടികശാല വളപ്പില്‍ കോളനിയും 25 ഡിവിഷനിലെ ഇയ്യോത്തില്‍ കോളനിയും തുടങ്ങിയ നഗരസഭയിലെ സ്ഥലങ്ങള്‍ എംപി സന്ദര്‍ശിച്ചു.
നഗരസഭാ അധ്യക്ഷന്‍ വികെ അബ്ദുറഹ്‌മാന്‍ ,ബിജെപി മണ്ഡലം പ്രസിഡന്റ് എ.കെ ബൈജു, കെ. ഫല്‍ഗുനന്‍, സിവി അനീഷ്, എസ്.കെ ബാബു, ബഷീര്‍ ഹാജി, സനല്‍ജിത്, സരിന്‍, പ്രദീപന്‍ തടത്തില്‍ തുടങ്ങിയ പൊതു പ്രവര്‍ത്തകരും നിരവധി നാട്ടുകാരും പങ്കെടുത്തു.