ഒ.പിയിൽ തലവേദനയ്ക്കുപോലും മരുന്നില്ല; മരുന്ന് വിതരണം നിലച്ചിട്ട്‌ ഇന്നേക്ക് ആറ് ദിവസം; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾ പ്രതിസന്ധിയിൽ


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്ന് വിതരണം നിലച്ചതോടെ പ്രതിസന്ധിയിലായി രോഗികൾ. ഇന്നേക്ക് ആറ് ദിവസമായി മെഡിക്കല്‍ കോളേജില്‍ മരുന്ന് വിതരണം നിലച്ചിട്ട്‌. ഇതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോ​ഗികൾ ചികിത്സ മുടങ്ങുമെന്ന ആശങ്കയിലാണ്‌.

മെഡിക്കല്‍ കോളേജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളിലും പല മരുന്നുകളും കിട്ടാനില്ലെന്നാണ് വിവരം. മാത്രമല്ല ഒരു ദിവസം മൂവായിരത്തിലധികം രോ​ഗികൾ എത്തുന്ന ഒപിയിൽ തലവേദനക്കുള്ള മരുന്നുപോലും കിട്ടിയില്ലെന്നും പരാതിയുണ്ട്. ആശുപത്രിയിൽ നിന്നും പെരിറ്റോണിയൽ ഡയാലിസിസ് നടത്തുന്ന രോ​ഗികൾ മാത്രം ഏതാണ്ട് അഞ്ഞൂറിനടുത്ത് വരും. ഡയാലിസിസിനുൾപ്പടെ മരുന്നുകൾ പുറത്ത് നിന്നും വാങ്ങാൻ ആശുപത്രി അധികൃതര്‍ നിർദ്ദേശിച്ചതോടെ ഇതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് രോഗികള്‍.

മരുന്നുകള്‍ക്കൊപ്പം ഉപകരണങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ലാബ് പ്രവര്‍ത്തനവും താളം തെറ്റിയതായാണ് വിവരം. രക്തം ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങളും രോ​ഗികൾ പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയാണ്‌. ഈ സ്ഥിതി തുടര്‍ന്നാല്‍ മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന ഹൃദ്രോ​ഗികൾ, കാൻസർ രോ​ഗികൾ തുടങ്ങി എല്ലാവരുടെയും ചികിത്സ മുടങ്ങും.

മരുന്നു വിതരണക്കാര്‍ക്കുള്ള കുടിശ്ശിക എണ്‍പതു കോടി രൂപയിലധികമായതോടെയാണ് ആശുപത്രിയിലെ മരുന്ന് വിതരണം നിര്‍ത്തിയത്. ശനിയാഴ്ച ഏപ്രിൽ മാസത്തെ കുടിശ്ശിക ആറ് കോടി കൊടുത്തെങ്കിലും ഒക്ടോബർ വരെയുള്ള കുടിശ്ശിക ലഭിക്കാതെ വിതരണം പുനരാരംഭിക്കില്ലെന്ന കടുത്ത നിലപാടിലാണ് ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ.

Description: Patients in Kozhikode Medical College are in crisis