കുണ്ടിലുംകുഴിയിലും അകപ്പെട്ട് വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പ്പെടുന്നു; മഴക്കാലം വെള്ളക്കെട്ടിലും വെയിലാകുമ്പോള്‍ പൊടിശല്യവും, ദേശീയപാത പഴയ ചിത്രടാക്കീസ് മുതല്‍ മീത്തലെകണ്ടി പള്ളിവരെയുള്ള ദുരിത യാത്രയ്ക്ക് ശാശ്വത പരിഹാരം വേണമെന്ന് യാത്രക്കാര്‍


കൊയിലാണ്ടി: മഴ ആയാല്‍ റോഡിന്റെ പകുതിയോളം വെള്ളവും നിറയെ കുണ്ടും കുഴിയും. മഴ നിന്നാല്‍പ്പിന്നെ പൊടിശല്യം രൂക്ഷമാകും. പഴയ ചിത്ര ടാക്കീസ് മുതല്‍ പതിനാലാം മൈല്‍സ് വരയെുള്ള റോഡിന്റെ അവസ്ഥയാണിത്. വര്‍ഷങ്ങളായി യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളാണിവ.

റോഡിലെ കുണ്ടും കുഴിയുമാണ് പ്രധാന പ്രശ്‌നം. നടുവിലായി രൂപപ്പെട്ട വലിയ കുഴികളില്‍ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെടുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നത്. കൊവിഡിനു ശേഷം റോഡ് റീടാറിംങ് നടത്താത്തതിനാല്‍ പൊട്ടിപ്പൊളിഞ്ഞ ഇടങ്ങളില്‍ പാച്ച് വര്‍ക്കുകള്‍ ചെയ്യുകയോ അല്ലെങ്കില്‍ മഴക്കാലത്ത് ക്വാറ് വേസ്റ്റോ, മെറ്റല്‍ ഇടുകയോ ആണ് പതിവ്. ഇത് രണ്ട് രീതിയിലാണ് യാത്രക്കാരെ ബാധിക്കുന്നത്.

ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷ തുടങ്ങിയ ചെറുവാഹനങ്ങളും പാച്ച് വര്‍ക്കുകള്‍ ചെയ്തയിടങ്ങളില്‍ക്കൂടെ പോകുമ്പോള്‍ നിയന്ത്രണംവിട്ട് പോകുന്നു. ടാര്‍ ചെയ്ത റോഡിന്റെ ഉയരത്തേക്കാള്‍ കൂടുതലായിരിക്കും പാച്ച് വര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍. ഇത് വേഗത്തില്‍ വരുന്ന വാഹനങ്ങളെ ഏറെ ബാധിക്കുന്നു. മഴക്കാലത്ത് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനെന്നോണം ദേസീയപാത കരാര്‍ കമ്പനി റോഡിലെ കുഴികളില്‍ മെറ്റലും ക്വാറി വേസ്റ്റും നികത്തുകയാണ് പതിവ്. എന്നാല്‍ മഴ മാറുന്നതോടെ ഇത് പൊടിശല്യത്തിലേയ്ക്ക് വഴിമാറുന്നു.

ഈ വഴി കടന്നുപോകുന്ന ഇരുചക്രവാഹനയാത്രക്കാര്‍ വളരെ പതുക്കെയാണ് പോകാറ്. കാരണം കുഴികളുടെ എണ്ണവും അത്രയേറെയുണ്ട്. ഇതുവഴി സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷ ജീവനക്കാരുടെ സ്ഥിതി അതിലും മോശമാണ്. അസുഖബാധിതര്‍, ഗര്‍ഭിണികള്‍ എന്നിവരെ കൊണ്ട് ഈ ഭാഗത്ത്കൂടെ പോകുമ്പോള്‍ വളരെ പതുക്കെ കുഴികള്‍ വെട്ടിച്ച് പോകേണ്ട സ്ഥിതിയാണ്. കൂടാതെ പാച്ച് വര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ വണ്ടി പെട്ടെന്ന് നിയന്ത്രണംകിട്ടാതെയാകുന്നു. ഒരാഴ്ച പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഓട്ടോ ഓടിച്ചാല്‍ പിന്നെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവര്‍ ഗോപി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പല സ്ഥലങ്ങളിലേയ്ക്കും സര്‍വ്വീസ് ലഭിക്കുന്നുണ്ടെങ്കിലും റോഡിന്റെ അപാകതകള്‍ കാരണം വലിയ നഷ്ടമാണ് പിന്നീട് വരുന്നത്. ദേശീയപാതയിലും ഇത്തരം പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നതോടെ ചെറുവാഹനയാത്രക്കാര്‍ ഏത് വഴി സ്വീകരിക്കണമെന്ന ആശങ്കയിലാണ്. വര്‍ഷങ്ങളായുള്ള ഈ സ്ഥിതിയ്ക്ക് എത്രയും പെട്ടെന്ന് ശാശ്വതപരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.