പിടിയിലായത് പന്തിരിക്കരയിലെ ഇർഷാദ് വധക്കേസ് പ്രതി: ലഹരി നൽകി പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ താമരശ്ശേരി ചുരത്തിൽ തള്ളിയ സംഭവത്തിൽ വഴിത്തിരിവ്


പേരാമ്പ്ര: ബിരുദ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തില്‍ വഴിത്തിരിവ്. കേസിൽ പിടിയിലായ യുവാവ് പന്തിരിക്കരയിലെ ഇർഷാദ് വധക്കേസിലെ പ്രതിയെന്ന് പോലീസ് അറിയിച്ചു. കല്‍പ്പറ്റ കടുമിടുക്കില്‍ സ്വദേശി ജിനാഫ്(32) ആണ് പിടിയിലായത്. വിദേശത്ത് നിന്ന് സ്വർണ്ണം എത്തിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തെ തുടർന്നാണ് സ്വര്‍ണ്ണക്കടത്ത് സംഘം പന്തിരിക്കര സൂപ്പിക്കട കോഴിക്കുന്നുമ്മല്‍ ഇർഷാദിനെ തട്ടിക്കൊണ്ടുപോകുന്നതും കൊലപ്പെടുത്തുന്നതും. ഇര്‍ഷാദ് വധക്കേസിലെ ഏഴാം പ്രതിയാണ് പിടിയിലായ ജിനാഫ്.

ഗൾഫിൽ നിന്നും സ്വർണ്ണം കള്ളകടത്തു നടത്തി കരിപ്പൂർ എയർപോർട്ടിൽ എത്തിയ ശേഷം സ്വർണ്ണവുമായി മുങ്ങിയ ഇർഷാദിനെ വൈത്തിരിയിലെ ലോഡ്ജിൽ നിന്നും ജിനാഫ് ഉൾപ്പെട്ട സംഘം ഗൂഡാലോചന നടത്തി തട്ടി കൊണ്ട് പോവുകയായിരുന്നു. ഇവരുടെ കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചു സ്വർണ്ണം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ക്വട്ടേഷൻ സംഘത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ പുഴയിൽ ചാടിയ ഇർഷാദ് മുങ്ങി മരണപ്പെടുകയായിരുന്നു. ഈ കേസിൽ മൂന്നര മാസം ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ് ജിനാഫ്.

ചൊവ്വാഴ്ചയാണ് 19-കാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ജിനാഫിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഒളിവില്‍ കഴിയുകയായിരുന്ന ജിനാഫിനെ തമിഴ്‌നാട്ടില്‍നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
പത്തൊമ്പതുകാരിയായ ബിരുദ വിദ്യാര്‍ഥിനിയെ സൗഹൃദം നടിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി എറണാകുളത്തെത്തിച്ച് പീഡിപ്പിച്ചശേഷം താമരശ്ശേരി ചുരത്തില്‍ ഇറക്കിവിട്ടുവെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. മേയ് 30-ന് കാണാതായ പെണ്‍കുട്ടിയെ ജൂണ്‍ ഒന്ന് വ്യാഴാഴ്ചയാണ് താമരശ്ശേരി ചുരത്തില്‍നിന്ന് കണ്ടെത്തിയത്.

തിക്കോടി കോടിക്കല്‍ കടപ്പുറത്ത് നിന്നാണ് ഇർഷാദിന്റെ മൃതദേഹം കണ്ടെത്തുന്നത്. ആദ്യം ഇത് മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി വീട്ടകാര്‍ക്ക് വിട്ടുനല്‍കി സംസ്‌കരിച്ചിരുന്നു. ഡി.എൻ.എ പരിശോധനയിലാണ് മരിച്ചത് ദീപക്കല്ലെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണമാണ് ഇർഷാദിന്റെ തിരോധാനത്തിലേക്കും കൊലപാതകത്തിന്റെയും ചുരുളഴിക്കുന്നത്.

ഇര്‍ഷാദിന്റെ കൈവശം സ്വര്‍ണ്ണം കൊടുത്തുവിട്ട കൈതപ്പൊയില്‍ ചീനിപറമ്പില്‍ മുഹമ്മദ് സ്വാലിഹ്, സഹോദരന്‍ ഷംനാദ്, പിണറായി മര്‍ഹബയില്‍ മര്‍സീദ് (32), പൊഴുതന ചിറക്കല്‍ സജീര്‍ (27), വൈത്തിരി ചെറുമ്പാല ഷഹീല്‍ (26), ഉവൈസ് എന്നിവരായിരുന്നു കേസില്‍ ജിനാഫിനെ കൂടാതെയുള്ള പ്രതികള്‍. ദുബായില്‍നിന്ന് മേയ് 13-ന് നാട്ടിലെത്തിയ ഇര്‍ഷാദ് പരന്തിരിക്കര സ്വദേശി ഷെമീറിനാണ് സ്വര്‍ണം കൈമാറിയത്. ഷെമീര്‍ എടുത്തുനല്‍കിയ വയനാട് വൈത്തിരിയിലെ ലോഡ്ജില്‍ ഇര്‍ഷാദ് താമസിക്കവേ സജീര്‍, ജിനാഫ് എന്നിവര്‍ കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍നിന്ന് പുറത്തിറക്കി ജൂലായ് നാലിന് തട്ടിക്കൊണ്ടുപോയി മുഹമ്മദ് സ്വാലിഹിനെ ഏല്‍പ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തല്‍.

താമരശേരി ഇൻസ്‌പെക്ടർ എൻ.കെ സത്യനാഥൻ , സ്പെഷ്യൽ സ്‌ക്വാഡ് എസ്ഐ രാജീവ്‌ ബാബു, എസ്ഐ വി.പി അഖിൽ, മുക്കം എസ്ഐ കെ എസ്‌ ജിതേഷ്, എസ്‌സിപിഒ എൻ എം ജയരാജൻ, സിപിഒ റീന,ഷൈജൽ, വി ആർ ശോബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.