മാലിന്യ മുക്ത നവകേരളം: അണിനിരന്നത്‌ ഇരുന്നൂറലിധകം പേര്‍, ശ്രദ്ധേയമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ശുചിത്വ സന്ദേശ റാലി


കൊയിലാണ്ടി: മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ സ്വച്ചതാ കി സേവാ 2024 പ്രവർത്തനങ്ങളുടെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4മണിക്ക് പന്തലായനി ബ്ലോക്ക് ഓഫീസിന് സമീപത്ത് നിന്നും ആരംഭിച്ച റാലി കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന സമാപന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

മാലിന്യമുക്ത നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിൻ 2024 ഒക്ടോബർ 2 മുതൽ ആരംഭിച്ച് 2025 മാർച്ച് വരെ നടത്തും. അതിനായുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്വച്ചതാ കി സേവ 2024ൻ്റെ ഭാഗമായി നടന്നു വരികയാണ്‌. മാലിന്യ സംസ്ക്കരണ സംവിധാനങ്ങളിൽ നിലവിലുള്ള വിടവുകൾ ഈ ക്യാമ്പയിൻ കാലയളവിൽ പരിഹരിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും, സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളും, അങ്ങാടികളും സ്‌ക്കൂളുകളും, വീടുകളും ശുചിത്വമുള്ളതായി പ്രഖ്യാപിക്കാനുള്ള ഉദ്യമത്തിൽ മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് ബാബുരാജ് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്രവിജയൻ അധ്യക്ഷത വഹിച്ചു. ബോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സോമൻ, ബ്ലോക്ക് മെമ്പർ സുഹറ ഖാദർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.വി സതീഷ്കുമാർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അഷിത എന്നിവർ സംസാരിച്ചു.

നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ വൈഷ്ണവി ശുചിത്വ പ്രതിജ്ഞ ചൊല്ലി. റാലിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌ക്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ, എം.പി.കെ. ബി.വൈ ഏജൻ്റുമാർ, ആശ വർക്കർമാർ, ഹരിത കർമ്മസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ശുചിത്വ മിഷൻ പ്രതിനിധികൾ മറ്റു വർഗ്ഗ ബഹുജന സംഘടനാ പ്രതിനിധികൾ തുടങ്ങി ഇരുന്നൂറ്റിയമ്പതിലധികം പേര്‍ പങ്കെടുത്തു.

Description: Pantanthalayani block panchayat organized cleanliness message rally