ത്രീ ഇഡിയറ്റ്‌സിന്റെ ക്ലൈമാക്‌സ് ദൃശ്യഭംഗി നേരിട്ട് ആസ്വദിക്കാം; യാത്ര തിരിക്കാം പാങ്കോങ്ങിലേക്ക് -വീഡിയോ
ബോളിവുഡ് ചിത്രം ത്രീ ഇഡിയറ്റ്‌സിന്റെ ക്ലൈമാക്‌സ് രംഗം ഓര്‍ക്കുന്നുണ്ടോ? മഞ്ഞ സ്‌കൂട്ടര്‍ ഓടിച്ച് ആമിര്‍ഖാന്റെ അടുത്തേക്ക് വരുന്ന കരീന കപൂറിനെ. പശ്ചാത്തലത്തില്‍ നീലനിറത്തിലുള്ള മനോഹരമായ തടാകവും തീരവുമൊക്കെ കണ്ടില്ലേ. ഏതോ ആര്‍ട്ടിസ്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞ ചിത്രമെന്ന് തോന്നിപ്പിക്കുന്ന ആ സ്ഥലത്തിന്റെ പേരാണ് പാങ്കോങ് തടാകം.
അതിമനോഹരമായ ഭൂപ്രകൃതിയുള്ള പാങ്കോങ് തടാകത്തിലേക്കുള്ള ഒരു യാത്രയിലെ കാഴ്ചകളാണ് വീഡിയോയില്‍. ഹിമാലയന്‍ നിരയില്‍ സ്ഥിതി ചെയ്യുന്നത് ഇത് ജമ്മുകശ്മീരിലെ ലേയില്‍ നിന്നും 200 ഓളം കിലോമീറ്റര്‍ അകലെയാണ്. തടാകത്തിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ഇന്ത്യയില്‍. മറ്റ് രണ്ട് ഭാഗം ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റിലാണ്.
ലേയില്‍ നിന്നും അഞ്ച് മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ പാങ്കോല്‍ തടാകത്തില്‍ എത്താം. തടാകത്തിലേക്കുള്ള റൂട്ടാണ് ഈ യാത്രയുടെ മറ്റൊരു ഹൈലൈറ്റ്. ലോകത്തെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ മോട്ടോര്‍ പര്‍വതനിരയായ ചാങ്‌ലായിയിലൂടെയാണ് യാത്ര. പേടിപ്പെടുത്തുന്ന ഓഫ് റോഡ് വഴികളും മഞ്ഞും മലയും അങ്ങനെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ ഒളിപ്പിച്ച വഴിയിലൂടെയാണ് സഞ്ചാരം.
പാങ്കോങ് തടാകത്തിന്റെ താപനില -5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. അതുകൊണ്ടുതന്നെ ഉപ്പുവെള്ളമാണെങ്കിലും ശൈത്യകാലത്ത് ഇത് പൂര്‍ണമായും തണുത്തുറയും. ശൈത്യകാലം ഒഴികെ എല്ലാസമയത്തും പാങ്കോങ്ങിലേക്ക് യാത്രപോകാം.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ കണ്‍സല്‍ട്ടന്റ് ഡോ. സുധീഷ് ടി. പാങ്കോങിലേക്ക് നടത്തിയ യാത്രയെക്കുറിച്ചുള്ള വിവരണങ്ങളും ദൃശ്യങ്ങളും കാണാം: