‘കാരുണ്യ പ്രവര്‍ത്തകര്‍ ജീവിതം കൊണ്ട് കവിത രചിക്കുന്നവര്‍’; തിക്കോടി പാലൂര്‍ ദയ സ്‌നേഹതീരം സംഗമത്തില്‍ പങ്കെടുത്തത് നൂറിലധികം പേര്‍


തിക്കോടി: പാലൂര്‍ ദയ സ്‌നേഹതീരം സ്‌നേഹം സംഗമം സംഘടിപ്പിച്ചു. പ്രശസ്ത കവി വീരാന്‍കുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. കവികള്‍ വാക്കുകള്‍ കൊണ്ട് കവിത രചിക്കുന്നുവെങ്കില്‍ ജീവിതംകൊണ്ട് കവിത രചിക്കുന്നവരാണ് കാരുണ്യ പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് കവി പറഞ്ഞു.

20 വര്‍ഷമായി നമ്മുടെ നാട്ടില്‍ കാരുണ്യത്തിന് പുതിയ ഭാഷ ചമയ്ക്കുകയാണ് തിക്കോടിയിലെ ദയ സ്‌നേഹതീരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരെ പലതരത്തില്‍ അകറ്റി നിര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് ദുര്‍ബലരായ മനുഷ്യരോടൊപ്പം സഞ്ചരിക്കുകയും തോറ്റുപോയവരെ ചേര്‍ത്തുപിടിക്കുകയും രോഗികളെ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ വളരുന്നത് സ്‌നേഹത്തിന്റെ പുതിയ ആകാശമാണെന്നും അദ്ദേഹം പറഞ്ഞു.

കുന്നുമ്മല്‍ ബഷീര്‍ ജനകീയ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. കെ.പി നൗഷാദ് തുക ഏറ്റുവാങ്ങി.ടി.വി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കെ. ബഷീര്‍ സ്വാഗതവും പറഞ്ഞു. മോട്ടിവേഷണല്‍ പ്രഭാഷക കുമാരി. മാരിയത്ത് സി.എച്ച് നജീബ് മൂടാടി, അസിസ് തിക്കേടി, ഉസ്‌ന എ.വി എന്നിവര്‍ പ്രസംഗിച്ചു. പാലിയേറ്റ് ഉപകരണം പ്രമീള പ്രഭാകരന്‍ തഖ്‌വ മൊയ്തു ഹാജിക്ക് കൈമാറി. ടിവി മുഹമ്മദ് നജീബ് നന്ദിയും പറഞ്ഞു.