ആദ്യം ദേവിയ്ക്കും പിന്നെ ഭക്തസഹസ്രങ്ങള്‍ക്കും മാങ്ങ ‘നിവേദ്യം’; പിഷാരികാവിൽ ആചാരപൂർവ്വം മാങ്ങവിതരണം ചെയ്ത് പാലോളിത്തറവാട്ടുകാര്‍
കൊയിലാണ്ടി: ഉപ്പും മുളകും വെളിച്ചെണ്ണയും ഇട്ട് അതില്‍ മുങ്ങിനിവര്‍ന്ന മാങ്ങ, ആലോചിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നില്ലേ. കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് വൈകുന്നേരം ക്ഷേത്രത്തിലെത്തിയ ഏറെപ്പേരും ഈ രുചിയോടെയാണ് ചടങ്ങുകള്‍ ആസ്വദിച്ചത്. മൂടാടിയിലെ പാലോളിത്തറവാട്ടുകാര്‍ കഴിഞ്ഞ 45 വര്‍ഷമായി തുടര്‍ന്നുപോന്ന മാങ്ങകൊടുക്കല്‍ ഇത്തവണയും പൂര്‍വ്വാധികം ഭംഗിയോടെ തന്നെ പൂര്‍ത്തിയാക്കി.
പ്രായഭേദമില്ലാതെ കുട്ടികളും ചെറുപ്പക്കാരും പ്രായമായവരുമെല്ലാം കവുങ്ങിന്‍മാളയില്‍ കോരിയെടുത്ത മാങ്ങ കൈക്കുമ്പിളില്‍ ഏറ്റുവാങ്ങി രുചിയറിഞ്ഞു. ഉച്ചതിരിഞ്ഞാണ് മാങ്ങവിതരണം ആരംഭിച്ചത്. ക്ഷേത്രപരിസരത്തെത്തിച്ച മാങ്ങ ആദ്യം ദേവിക്ക് നിവേദ്യമായി സമര്‍പ്പിച്ചു. തുടര്‍ന്നാണ് ഭക്തജനങ്ങള്‍ക്കായി വിതരണം ചെയ്തത്.
കാളിയാട്ടത്തിന് ഒരാഴ്ച മുമ്പേ തുടങ്ങിയതാണ് മാങ്ങ വിതരണത്തിനുള്ള ഒരുക്കങ്ങള്‍. മാങ്ങശേഖരിക്കലാണ് ആദ്യത്തെ പണി. ഇതിനായി ഒരു കൂട്ടായ്മയുണ്ട്. അവര്‍ പ്രദേശത്തുനിന്നും മാങ്ങ മറിച്ച് കഴുകി മുറിച്ച് ഉപ്പും മുളകും വെളിച്ചെണ്ണയും ചേര്‍ത്ത് പാകപ്പെടുത്തും.
രാജഭരണ കാലം തൊട്ട് പിഷാരികാവില്‍ നടത്തിവരുന്ന ചടങ്ങാണിത്. ആദ്യം നടത്തിയിരുന്നത് കണ്ണാടിക്കല്‍ തറവാട്ടുകാരായിരുന്നു. ഇടക്കാലത്ത് ഇത് നിലച്ചുപോയി. പിന്നീട് പാലോളിക്കാര്‍ ഏറ്റെടുത്ത് നടത്തിവരികയാണ്. കുടിവെള്ളത്തിന് വേണ്ടി പോലും അലയുന്ന പണ്ട് കാലത്ത് ഒരു താല്‍ക്കാലിക ആശ്വാസം എന്ന നിലയിലാണ് ഈ ചടങ്ങ് ആരംഭിച്ചതെന്നാണ് പറയുന്നത്.