പനി ബാധിച്ചത് ഒരാഴ്ച മുമ്പ്, പിന്നീടറിയുന്നത് മരണ വാര്‍ത്ത; പാലേരിയിലെ അശ്വന്തിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്
പേരാമ്പ്ര: എല്ലാവരോടും സൗമ്യമായി പെരുമാറാറുള്ള അശ്വന്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍ക്കൊപ്പം നാട്ടുകാരും സുഹൃത്തുക്കളും. ഒരാഴ്ച മുമ്പ് പനിബാധിച്ച് ആശുപത്രിയിലെത്തിച്ച അശ്വന്തിന്റെ മരണവാര്‍ത്തയാണ് പിന്നീട് എല്ലാവരും അറിയുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ തന്നെ നിരവധി പേരുണ്ട് അശ്വന്തിന്റെ സൗഹൃദവലയത്തില്‍. എല്ലാവരോടും കളിച്ച് ചിരിച്ച് സംസാരിക്കാന്‍ അവനിനി ഇല്ലെന്നത് എല്ലാവരെയും നൊമ്പരപ്പെടുത്തുന്നു.
പാലേരി സ്വദേശിയായ അശ്വന്തിനെ പനി ബാധിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ പിന്നീടാണ് തലച്ചോറില്‍ അണുബാധയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസവും അസുഖം ബേധമായി അശ്വന്ത് തിരിച്ചവരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാല്‍ ചികിത്സയ്ക്കിടെ എന്നന്നേക്കുമായി അവന്‍ വിടപറഞ്ഞു.
ബാലസംഘത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. പത്തൊമ്പതുകാരനായ അശ്വന്ത് നിലവില്‍ എസ്.എഫ്.ഐ പാലേരി ടൗണ്‍ യൂണിറ്റ് പ്രസിഡന്റ്. കമ്മിറ്റി അംഗമായിരുന്ന അംഗമായിരുന്ന അശ്വന്ത് കഴിഞ്ഞ ഡിസംബറിലെ സമ്മേളനത്തിലാണ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത്. തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വങ്ങളെല്ലാം കൃത്യതയോടെ ചെയ്യുന്ന വ്യക്തിത്വമാണ് അവനെന്നും, നല്ലൊരു പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
ചാളക്കുന്നത്ത് സന്തോഷിന്റെയും (കാപ്പുമലയില്‍) ശ്രീജയുടെയും മകനാണ്. അശ്വതിയാണ് സഹോദരി. ഉള്ളിയേരി എം-ഡിറ്റ് കോളജിലെ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.