സിനിമകളിലും പുറത്തും ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന നാലുകെട്ട്, അറിയാം പാലക്കാടിന്റെ സ്വന്തം വരിക്കാശ്ശേരി മനയിലെ കാഴ്ചകള്‍


Advertisement

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലത്തിന് അടുത്ത് മനിശ്ശേരിയില്‍ ഭാരതപ്പുഴയുടെ തീരത്ത് പഴമയുടെ കഥ പറയുന്നൊരു തറവാടുണ്ട്, വരിക്കാശ്ശേരി മന. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മ്മിക്കപ്പെട്ട മന അതിന്റെ മുഴുവന്‍ പ്രൗഢിയോടും കൂടി ഇന്നും സന്ദര്‍ശകരെ വരവേല്‍ക്കുന്നു. ആറ് ഏക്കറോളം സ്ഥലത്താണ് മുന്നൂറ് വര്‍ഷം പഴക്കമുള്ള മന സ്ഥിതി ചെയ്യുന്നത്. കേരളീയ വാസ്തുവിദ്യാ പ്രകാരമാണ് മൂന്നു നിലകളുള്ള ഈ നാലുകെട്ടിന്റെ നിര്‍മ്മാണം. രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സന്ദര്‍ശന സമയം.

Advertisement

വലിയ പൂമുഖവും ഒട്ടേറെ മുറികളും പത്തായങ്ങളും പടിപ്പുരയും മനയോടു ചേര്‍ന്ന കുളവുമെല്ലാം ഇന്നും മങ്ങലേല്‍ക്കാതെ സംരക്ഷിക്കപ്പട്ടു പോരുന്നുണ്ട്. പല മലയാള സിനിമകളുടെയും വേദികള്‍ കീഴടക്കി എന്നൊരു പ്രത്യേകതയും വരിക്കാശ്ശേരി മനയ്ക്കുണ്ട്. തീര്‍ത്ഥം എന്ന സിനിമയിലാണ് ആദ്യമായി വരിക്കാശ്ശേരി മന പ്രത്യക്ഷപ്പെട്ടതെങ്കിലും മോഹന്‍ലാലിന്റെ ദേവാസുരം എന്ന സിനിമയാണ് മനയെ സിനിമാലോകത്ത് പ്രശസ്തമാക്കിയത്. അതിനുശേഷം ധാരാളം ചിത്രീകരണങ്ങള്‍ക്ക് മന വേദിയൊരുക്കി. പുത്തന്‍ സിനിമയായ ഭ്രമയുഗത്തില്‍ കാണുന്ന മനയുടെ മുന്‍ വശവും വരിക്കാശ്ശേരിയുടേതാണ്.

Advertisement

പുറം കാഴ്ചകളെക്കാള്‍ ഏറെ മനോഹരമാണ് മനയുടെ അകത്തെ കാഴ്ചകള്‍. ഏതു ചൂടിലും കുളിരേകുന്ന അന്തരീക്ഷമാണ് അകം നിറയെ. ഒത്തിരിപേര്‍ക്ക് ഒത്തുകൂടല്‍ പാകത്തില്‍ വിശാലമായ ഇരിപ്പിടവും അതിനടുത്തായി തന്നെ മുറികളും ഉണ്ട്. അതിലേറെ ഇഷ്ടം തോന്നിപ്പിക്കുന്നത് മനക്കുള്ളിലെ നടുമുറ്റമാണ്. മഴയില്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന നടുമുറ്റവും സിനിമകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ പഴമയെ ഓര്‍മ്മപ്പെടുത്താനെന്നോളം വരച്ചിട്ട ചുമര്‍ച്ചിത്രങ്ങളും ഏറെ മനോഹരമായ കാഴ്ച്ചകളാണ്.

മനക്കുള്ളിലെ മുറികളെല്ലാം ഏറെ വിസ്താരം ഉള്ളവയും സ്വകാര്യത നിറഞ്ഞവയുമാണ്. ജനാലകളും വാതിലുകളുമെല്ലാം ഇന്നും പുതിയവ പോലെ കാണപ്പെടുന്നു. മനയുടെ കഴുക്കോലുകള്‍ക്ക് പോലും കേടുപാടുകള്‍ വരാതെ സൂക്ഷിച്ചിട്ടുണ്ട്. വീടിനു പുറത്തും ഉള്ളിലുമായി കാണപ്പെടുന്ന തൂണുകളിലെല്ലാം കൊത്തുപണികള്‍ ചെയിതിട്ടുണ്ട്.

Advertisement

മനക്ക് തൊട്ടടുത്ത് നിലനില്‍ക്കുന്ന പ്രധാന പത്തായപ്പുരയും കാണികളെ ആകര്‍ഷിക്കും വിധം സുന്ദരമാണ്. തൂവല്‍കൊട്ടാരം, ബോഡിഗാര്‍ഡ് തുടങ്ങിയ സിനിമകളില്‍ പ്രധാന വേദിയായി ഈ പത്തായപ്പുരയും കടന്നുവന്നിട്ടുണ്ട്. പതിനായിരക്കണക്കിനു പറ നെല്ല് ഒരുമിച്ച് സൂക്ഷിച്ചിരുന്ന പത്തായവും അതിനു താഴെയുള്ള നിലവറയും ഇവിടുത്തെ പ്രത്യേകതയാണ്.

മനയ്ക്കു കുറച്ച് താഴ്ഭാഗത്തായി കുടുംബ ക്ഷേത്രമുണ്ട്. കൃഷ്ണന്‍, ശിവന്‍, അയ്യപ്പന്‍ എന്നിങ്ങനെ മൂന്നു പ്രതിഷ്ഠകളാണ് അവിടെ ഉള്ളത്. ഇപ്പോഴും അവിടെ പൂജകള്‍ തുടരുകയും ദര്‍ശനം നടത്തുകയും ചെയ്യുന്നുണ്ട്. ക്ഷേത്രത്തിനടുത്തായി കുളമുണ്ട്. ഈ ക്ഷേത്രക്കുളവും മലയാള സിനിമയുടെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്.

ചിലപ്പോഴെല്ലാം സന്ദര്‍ശകര്‍ക്ക് പ്രത്യേകിച്ച് ആനപ്രേമികള്‍ക്ക് കൗതുകമായി വളരെ അച്ചടക്കത്തോടെ നില്‍ക്കുന്ന ആനകളെയും കാണാന്‍ സാധിക്കും.

പച്ചപ്പും കുളിര്‍മയും പഴമയുടെ സൗന്ദര്യവും ചേര്‍ന്ന് വരിക്കാശ്ശേരി മന തീര്‍ക്കുന്ന ചുറ്റുപാടുകള്‍ സന്ദര്‍ശകരെ അവിടേക്ക് തിരികെ കൊണ്ടുവരാന്‍ പാകത്തില്‍ തയ്യാറെടുത്തു കൊണ്ടാണ് യാത്ര അയക്കുന്നത്.