പാലക്കാട് സസ്പെൻസ്; രമേഷ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും?
കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. ഷാഫി പറമ്പിലിന് പകരക്കാരനായി ശക്തനായ നേതാവിനെ തന്നെ ഇറക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിനിമാതാരം രമേഷ് പിഷാരടി എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
പാലക്കാട് സ്വദേശിയാണ് രമേഷ് പിഷാരടി. അതിനാൽതന്നെ അദ്ദേഹത്തിനാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രഥമ പരിഗണനയെന്നാണ് വിവരം. കോൺഗ്രസിന്റെ പരിപാടികളിൽ എല്ലാം തന്നെ പിഷാരടി പങ്കെടുക്കാറുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലുള്‍പ്പടെ പാർ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലെല്ലാം അദ്ദേഹം സജീവമായിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്ന മണ്ഡലമായിരുന്നു പാലക്കാട്. അവസാന നിമിഷം വരെ ബി ജെ പി സ്ഥാനാർത്ഥി ഇ ശ്രീധരനും കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. ഒടുവിൽ 3,859 വോട്ടിന് ഷാഫി വിജയിച്ച് കയറുകയായിരുന്നു. ഷാഫിയുടെ ജനസ്വീകാര്യതയാണ് അവസാനം മണ്ഡലം നിലനിർത്താൻ സഹായിച്ചതെന്നാണ് കോൺ്രസ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ അത്രയും ജനസ്വീകാര്യതയുളള നേതാവ് മത്സരിക്കണമെന്നാണ് നേതാക്കൾ പറയുന്നത്.
ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. എൽഡിഎഫിന്റെ കെ കെ ശെെലജ ടീച്ചറെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചായിരുന്നു ഷാഫിയുടെ വിജയം.