മേപ്പയ്യൂരിലെ എ.ഐ ക്യാമറയില്‍കുടുങ്ങാതിരിക്കാന്‍ ഇരുചക്രവാഹനങ്ങളുടെ യാത്ര നടപ്പാതവഴി ; പൂട്ടിട്ട് പി.ഡബ്ല്യൂ.ഡി.


മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ നടപ്പാതയ്ക്ക് കുറുകെ വേലികെട്ടി പി.ഡബ്ല്യൂ.ഡി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിളയാട്ടൂര്‍ എളമ്പിലാട് സ്‌കൂളിന് സമീപം സ്ഥാപിച്ച എ.ഐ ക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ ഇരുചക്രവാഹനങ്ങള്‍ നിരന്തരമായി നടപ്പാത വഴി പോകുന്നുവെന്ന നാട്ടുകാരുടെയും മറ്റും പരാതിയുടെ അടിസ്ഥാനത്തിലാണ് പി.ഡബ്ല്യൂ.ഡിയുടെ നടപടി.

നിരന്തരമായി ഹെല്‍മെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാര്‍ നടപ്പാതയിലൂടെ പോകാറുണ്ടെന്നും ഇതുമൂലം സ്‌കൂള്‍ കൂട്ടികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രയാസമാണ് നേരിട്ടതെന്നും പഞ്ചായത്ത് പ്രസിഡണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നടപ്പാത വഴി വാഹനങ്ങള്‍ കടന്നുപോകമ്പോള്‍ എ.ഐ ക്യാമറയില്‍പ്പെടില്ലെന്നും അതുമൂലമാണ് ബൈക്ക് യാത്രക്കാര്‍ ഈ വഴി ക്യാമറ സ്ഥാപിച്ചത് മുതല്‍ പോകുന്നതെന്നും നാട്ടുകാരും പരാതിപ്പെട്ടിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിലാകാം പി.ഡ.ബ്ല്യൂ.ഡി അധികൃതര്‍ നടപടി സ്വീകരിച്ചുണ്ടാവുകയെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ഇന്നാണ് നടപ്പാതയില്‍ ബൈക്കുകള്‍ സഞ്ചരിക്കാതിരിക്കാന്‍ ഇരുമ്പുകമ്പികള്‍കൊണ്ട് കെട്ടിയത്. ഇതിലൂടെ ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന തരത്തിലാണ് വഴി ഒരുക്കിയിട്ടുള്ളത്. പഞ്ചായത്തിന്റെ നേതൃത്വത്തിലല്ലെന്നും നാട്ടുകാരും മറ്റും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാകാം നടപടിയെന്നും പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.