അടിപ്പാതയിലേക്ക് കയറുന്ന റോഡിലുള്ളത് മൂന്ന് വന്‍കുഴികള്‍; കൊല്ലം നെല്ല്യാടി റോഡില്‍ യാത്രികര്‍ക്ക് അപകടഭീഷണിയായി റോഡിലെ കുഴികള്‍


കൊയിലാണ്ടി: ഇരുചക്രവാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയായി കൊല്ലം നെല്ല്യാടി റോഡിലെ അടിപ്പാതയിലേക്കുള്ള വഴി. കൊല്ലത്ത് നിന്ന് പോകുമ്പോള്‍ നെല്ല്യാടി റോഡില്‍ നിന്നും അടിപ്പാതവരെയുള്ള അറുപത് മീറ്ററോളം ഭാഗമാണ് യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നത്.

ഈ ഭാഗത്ത് മൂന്ന് വലിയ കുഴികളാണുള്ളത്. കുഴികളില്‍ വെള്ളം ചെളിയും നിറഞ്ഞ നിലയിലാണ്. രണ്ടാഴ്ചയായി മഴ കുറഞ്ഞതോടെയാണ് വലിയ കുഴികള്‍ രൂപപ്പെട്ടതായി കണ്ടത്. കുഴിയുള്ളതിനാല്‍ എതിര്‍ദിശയില്‍ നിന്നും വലിയ വാഹനം വരികയാണെങ്കില്‍ മറ്റൊരു വാഹനത്തിന് കടന്നുപോകാനാവാത്ത സ്ഥിതിയുണ്ട്.

കൂടാതെ കുഴിയുള്ളതിനാല്‍ വാഹനങ്ങളുടെ അടിതട്ടുന്ന അവസ്ഥയുമുണ്ട്. ശക്തമായ മഴ പെയ്താല്‍ കുഴിയില്‍ വെള്ളം നിറഞ്ഞ് കുഴി കാണാത്ത സ്ഥിതിയുണ്ട്. ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെക്കും. അതിനാല്‍ എത്രയും പെട്ടെന്ന് കുഴിയടക്കാനുള്ള സംവിധാനമുണ്ടാവണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.