കേരളത്തിലിരുന്ന് യു.എ.ഇയില്‍ ജോലി ചെയ്യാം; വിദ്യാസമ്പന്നരായ യുവതികളുള്‍പ്പെടെ പതിനഞ്ച് വയസിനുമുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും സുവര്‍ണാവസരം- വിശദാംശങ്ങള്‍ അറിയാം



ദുബായ്:
ട്യൂഷന്‍ എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇനി മുതല്‍ യു.എ.ഇയില്‍ സുവര്‍ണാവസരം. ഇതിനായി യു.എ.ഇയിലേക്ക് വിമാനം കയറേണ്ടതില്ല, ഓണ്‍ലൈനായും ട്യൂഷന്‍ എടുക്കാം.

യു.എ.ഇയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വകാര്യ ട്യൂഷന്‍ നിയമവിധേയമാക്കിയ സാഹചര്യത്തിലാണ് ഇത് സാധ്യമാകുന്നത്. നേരത്തേ യുഎഇയില്‍ സ്വകാര്യ ട്യൂഷനുകള്‍ നിരോധിച്ചിരുന്നു. മിനിസ്ട്രി ഒഫ് ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷനും വിദ്യാഭ്യാസ മന്ത്രാലയവും ചേര്‍ന്നാണ് നിലവിലെ തീരുമാനം എടുത്തിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലല്ലാതെ പഠിപ്പിക്കുന്നതിന് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയതായും അധികൃതര്‍ അറിയിച്ചു. അനധികൃതമായി നടത്തുന്ന പ്രൈവറ്റ് ട്യൂഷനുകള്‍ ഒഴിവാക്കാനാണ് പെര്‍മിറ്റ് ഏര്‍പ്പെടുത്തിയത്. രജിസ്‌ട്രേഷനുള്ള അദ്ധ്യാപകര്‍, ജോലിയുള്ളവര്‍, തൊഴിലില്ലാത്ത വ്യക്തികള്‍, 15 മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍, യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കാം.

അപേക്ഷകര്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള പെര്‍മിറ്റ് സൗജന്യമാണ്. പെര്‍മിറ്റില്ലാതെ ട്യൂഷനെടുക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതാണ്.

യോഗ്യരായ അപേക്ഷകര്‍ക്ക് മിനിസ്ട്രി ഒഫ് ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ (MoHRE) എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റില്‍, അപേക്ഷകര്‍ ‘സര്‍വീസസ്’ ടാബിന് കീഴില്‍ ‘പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്’ എന്ന് കാണാം. ഇതിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

പെര്‍മിറ്റ് അംഗീകരിച്ചവര്‍ ‘പെരുമാറ്റച്ചട്ടം’ രേഖ ഒപ്പിടണം. മിനിസ്ട്രി ഒഫ് ഹ്യൂമന്‍ റിസോര്‍സ് ആന്‍ഡ് എമിറേറ്റൈസേഷന്റെ അനുമതിയില്ലാതെ ട്യൂഷന്‍ എടുക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കും.

യു.എ.ഇ റെസിഡന്‍സി വിസ ഉള്ളവര്‍ക്ക് സ്വന്തം രാജ്യത്തിരുന്നും ട്യൂഷനെടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ ട്യൂഷന്‍ എടുക്കുന്നവര്‍ക്കും ഈ പെര്‍മിറ്റ് മതിയാകും. ഒരാള്‍ക്ക് എത്ര കുട്ടികളെ പഠിപ്പിക്കാം എന്ന കാര്യത്തിലും നിബന്ധനകളില്ല. അപേക്ഷിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ പെര്‍മിറ്റ് കിട്ടും. അപേക്ഷ നിരസിക്കുന്നവര്‍ക്ക് ആറ് മാസത്തിന് ശേഷം വീണ്ടും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍

പാസ്പോര്‍ട്ട് അല്ലെങ്കില്‍ എമിറേറ്റ്സ് ഐഡി.
ഒപ്പിട്ട പ്രതിജ്ഞാപത്രം.
പെരുമാറ്റ സര്‍ട്ടിഫിക്കറ്റ്.
ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനത്തില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്.
വിദ്യാര്‍ത്ഥികളാണെങ്കില്‍ രക്ഷിതാക്കളില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്.
പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ( ഉണ്ടെങ്കില്‍ മാത്രം ),
വെളുത്ത പശ്ചാത്തലത്തിലുള്ള ഫോട്ടോ.