വാട്‌സ്ആപ്പ് ചാറ്റ് വഴി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തിനെതിരെ പരാതിയുമായി കൊയിലാണ്ടി സ്വദേശിയായ ഡോക്ടര്‍


കൊയിലാണ്ടി: ഓണ്‍ലൈന്‍ തട്ടിപ്പ് വഴി കൊയിലാണ്ടി സ്വദേശിയായ ഡോക്ടറില്‍ നിന്നും പണം തട്ടാന്‍ ശ്രമം. ഡോക്ടര്‍ അഭിജിത്താണ് ഇതുസംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുന്നത്.

വാട്‌സ്ആപ്പ് ചാറ്റ് വഴിയാണ് പണം തട്ടാന്‍ ശ്രമം നടന്നതെന്ന് അഭിജിത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു ലിങ്ക് അറിയാതെ ക്ലിക്ക് ചെയ്ത് പോയിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പിന് ശ്രമം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് അയക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് അഭിജിത്തിന് മെസേജുകള്‍ വരാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കള്‍ക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു.

ഇംഗ്ലീഷിലും തമിഴിലുമാണ് തട്ടിപ്പുകാര്‍ ആശയ വിനിമയം നടത്തുന്നത്. തന്റെ ഫോണിന്റെ സ്‌ക്രീന്‍ ഇവര്‍ ഹാക്ക് ചെയ്‌തെന്നും ഡോക്ടര്‍ പറഞ്ഞു. വാട്‌സ്ആപ്പ് വഴിയോ ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയകള്‍ വഴിയോ ലഭിക്കുന്ന അപരിചിതരില്‍ നിന്നും ലഭിക്കുന്ന ലിങ്കുകള്‍ ഒരു കാരണവശാലും തുറന്നുനോക്കരുതെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.