പ്രാണരക്ഷക്കായി വീടിന്റെ മതില്‍ ചാടിക്കടന്നിട്ടും ഗേറ്റ് പൊളിച്ചുകയറി ആക്രമണം; കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ വീണ്ടും ഒരു മരണം


കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ വീണ്ടും മരണം. ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ പടമല പനച്ചി സ്വദേശി അജിയാണ് കൊല്ലപ്പെട്ടത്. കര്‍ണാടകത്തിയ നിന്നെത്തിയ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് അജിയുടെ ജീവനെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

റേഡിയോ കോളര്‍ വഴി നിരീക്ഷിച്ചപ്പോള്‍ ശനിയാഴ്ച പുലര്‍ച്ചെ ആന ജനവാസമേഖയില്‍ ഇറങ്ങിയതായി വ്യക്തമായതിനെതുടര്‍ന്ന് വനപാലകര്‍ കാട്ടാനയെത്തുരത്തി വനത്തിനോട് അടുത്ത ചാലിഗദ്ദ എന്ന സ്ഥലംവരെ എത്തിച്ചിരുന്നു.

ജോലിക്കാരെ വിളിക്കാന്‍ കൃഷിയിടത്തിലേക്ക് പോയപ്പോഴാണ് ആന അജിയെ ഓടിച്ചത്. പ്രാണരക്ഷാക്കായി തൊട്ടടുത്തുള്ള വീട്ടിലേക്ക് മതില്‍ ചാടി കടന്നെങ്കിലും പിന്നാലെ എത്തിയ ആന ഗേറ്റ് പൊളിച്ചുകയറി അജിയെ അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ വനംവകുപ്പിനുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നാട്ടുകാരുടെ പ്രതിഷേധം നടക്കുന്നുണ്ട്.