ഭാഗ്യം ഒഞ്ചിയം സ്വദേശി ദിവാകരന് പിന്നാലെ കൂടിയപ്പോള്‍! ആഴ്ചകള്‍ക്കിടെ ലോട്ടറിയടിച്ചത് മൂന്ന് തവണ; സുഹൃത്തിനോട് കടംവാങ്ങിയ 50 രൂപയ്ക്ക് എടുത്ത ടിക്കറ്റിന്മേല്‍ അടിച്ചത് ഒരു കോടി രൂപ


ഒഞ്ചിയം: കുറച്ചുദിവസമായി ഭാഗ്യം ഒഞ്ചിയം സ്വദേശി ദിവാകരന് പിന്നാലെയുണ്ട്. രണ്ടാഴ്ച മുമ്പെടുത്ത രണ്ട് ലോട്ടറി ടിക്കറ്റുകളില്‍ രണ്ടും അടിച്ചു. അതും അയ്യായിരം വീതം. അതില്‍ നിന്നുള്ള പണം ചെലവഴിച്ചെടുത്ത പത്ത് ടിക്കറ്റുകളിലൊന്നില്‍ അടിച്ചത് 1000 രൂപ. ദിവസങ്ങള്‍ക്കുള്ളില്‍ ഹോട്ടലില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ അടുത്ത് വന്ന ലോട്ടറി ടിക്കറ്റുകാരന്റെ പക്കല്‍ നിന്നെടുത്ത ടിക്കറ്റിന് അടിച്ചത് ഒന്നാം സമ്മാനമായ ഒരു കോടി രൂപയും.

കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റാണ് ഇത്തവണ അടിച്ചത്. വെള്ളികുളങ്ങര സ്വദേശിയായ ദിവാകരന്‍ നിര്‍മ്മാണത്തൊഴിലാളിയാണ്. എല്ലാദിവസവും രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം വടകര നാമംകുളത്തില്‍ നീന്താന്‍ പോകുന്ന ശീലമുണ്ട് ദിവാകരന്. രണ്ടുകാറുകളില്‍ ആളുണ്ടാകും. ഞായറാഴ്ച അങ്ങനെ പോയതാണ്. സീയം ആശുപത്രിക്കു സമീപത്തെ രാഗേഷ് ഹോട്ടലില്‍ ചായ കുടിച്ചുകൊണ്ടിരിക്കെയാണ് ലോട്ടറിക്കാരന്‍ വന്നത്. പോക്കറ്റില്‍ തപ്പി നോക്കിയപ്പോള്‍ പണമില്ല. സുഹൃത്ത് തോട്ടക്കണ്ടിത്താഴകുനി ചന്ദ്രനോട് 50 രൂപ കടംവാങ്ങി ടിക്കറ്റെടുത്തു.

അന്ന് വൈകുന്നേരം ഫലം വന്നെങ്കിലും ലോട്ടറി അടിച്ചവിവരം അറിഞ്ഞിരുന്നില്ല. പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് തന്റെ ടിക്കറ്റിനാണ് സമ്മാനമെന്ന് മനസിലായത്.

ഈ തുകകൊണ്ട് ആദ്യം തന്റെ കടബാധ്യത തീര്‍ക്കുമെന്നാണ് ദിവാകരന്‍ പറയുന്നത്. ഗിരിജയാണ് ദിവാകരന്റെ ഭാര്യ. സുകൃത് സൂര്യ, ഹൃത് സൂര്യ എന്നിവരാണ് മക്കള്‍.

Summary: Onchiyam native Divakaran won lottery