ഇടവഴികളിലൂടെ നിലത്തുറക്കാത്ത കാലുമായി ഓട്ടുമണികള്‍ കുലുക്കി ഒരു വരവാണ്; ഓണത്തിന്റെ വരവറിയിച്ച് കൊയിലാണ്ടിയില്‍ ഓണപ്പൊട്ടന്‍ എത്തി തുടങ്ങി
കൊയിലാണ്ടി: ഓണത്തിന്റെ വരവറിയിച്ച് കൊയിലാണ്ടിയില്‍ ഓണപ്പൊട്ടന്‍ എത്തി. ഒരിടത്ത് നില്‍ക്കാതെ ഓട്ടുമണികള്‍ കുലുക്കി നാട്ടുവഴികളിലൂടെയും ഇടവഴികളിലും രാവിലെ മുതല്‍ തന്നെ വീടുകളിലേക്ക് ഓണപ്പൊട്ടന്‍ എത്തി തുടങ്ങി. കത്തിച്ച നിലവിളക്കിന് മുമ്പില്‍ ദക്ഷിണവാങ്ങി പൂക്കള്‍ വിതറി അനുഗ്രഹം ചൊരിഞ്ഞ് അടുത്തവീടുകള്‍ നേടി യാത്രയായി.
ഉത്തരമലബാറില്‍ ഓണാഘോഷത്തോടനുബന്ധിച്ച് ചമയുന്ന തെയ്യരൂപമാണ് ഓണപ്പൊട്ടന്‍. ഓണേശ്വരന്‍ എന്നും ഓണപ്പൊട്ടന് പേരുണ്ട്. ഓണത്തിന്റെ വരവറിയിച്ചു കൊണ്ടാണ് ഓണപ്പൊട്ടന്റെ രംഗപ്രവേശം. നാല്പത്തി ഒന്ന് ദിവസത്തെ വ്രതത്തിന് ശേഷം പിതൃ കലശം സമര്‍പ്പിച്ച് പൂജ ചെയ്തതിന് ശേഷമാണ് ഒണേശ്വരന്‍ വേഷമണിയുക. മഹാബലിയുടെ പ്രതിരൂപമാണ് ഓണപ്പൊട്ടനെന്നാണ് വിശ്വാസം. ഓണത്തെയ്യത്തില്‍ത്തന്നെ സംസാരിക്കാത്ത തെയ്യമെന്ന സവിശേഷത കൂടി ഓണപ്പൊട്ടനുണ്ട്.
വായ് തുറക്കാതെ തന്നെ തെയ്യം ആടുന്നന്നതിനാലാവാം ഓണപ്പൊട്ടന്‍ എന്ന പേരില്‍ അറിയപ്പെടാനിടയായത്. ചിങ്ങമാസത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരന്‍ വീടുകള്‍ തോറും കയറിയിറങ്ങുക. ഓരോ വീടുകളിലും ഓണേശ്വരന്‍ ഐശ്വര്യം നല്‍കുന്നുവെന്നാണ് വിശ്വാസം. കുരുത്തോലക്കുട ചൂടി മുഖത്ത് ചായം പുരട്ടി കൈതനാരുകൊണ്ടുള്ള തലമുടിയും കവുങ്ങിന്‍ പൂക്കുല കൊണ്ടുള്ള വെളുത്ത താടിയും തെച്ചിപ്പൂ അലങ്കരിച്ച കിരീടവുമണിഞ്ഞ് ഇരു കൈകളിലും കൈവള ചാര്‍ത്തി പ്രത്യേകരീതിയിലുള്ള ആടയാഭരണങ്ങളോടെയാണ് ഓണപ്പൊട്ടന്‍ പ്രത്യക്ഷമാവാറുള്ളത്. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍പാദങ്ങള്‍ നിലത്തുറപ്പിക്കാറില്ലെന്നത് ഒരു പ്രത്യേകതയാണ്. സദാ താളം ചവിട്ടുകയും ഓടുകയും ചെയ്തുകൊണ്ടേയിരിക്കും. വീടുകളില്‍ എത്തുമ്പോള്‍ ദക്ഷിണയായി അരിയും പണവുമാണ് കാണിയ്ക്കയായി നല്‍കാറുള്ളത്.
Summary: onappottan in koyilandy