ഓണക്കിറ്റുകള്‍ റേഷന്‍ കടകളില്‍ ഇന്നെത്തും; രണ്ടുദിവസംകൊണ്ട് വിതരണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യം


തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഇന്നും നാളെയും മറ്റെന്നാളുമായി പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ വിതരണം ചെയ്യുന്നതിലേക്കായി മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് പൂര്‍ത്തിയായി. പൂര്‍ത്തിയായ കിറ്റുകള്‍ ഇന്ന് തന്നെ റേഷന്‍ കടകളില്‍ എത്തിച്ച് വിതരണം നടത്തും. നാളെയോടെ എല്ലാ കടകളിലും കിറ്റ് എത്തിക്കാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ പല ജില്ലകളിലും ഒരു കിറ്റ് പോലും നല്‍കാനാകാതിരുന്ന സാഹചര്യത്തിലാണ് സപ്ലൈക്കോയുടെ നടപടി. കിറ്റിലെ മില്‍മയുടെ പായസക്കൂട്ട് സമയത്തിന് എത്താതിരുന്നതായിരുന്നു പ്രധാന പ്രശ്‌നം.

അതേ സമയം, ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണുള്ളത്. മഞ്ഞകാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകും. സംസ്ഥാനത്ത് 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകളാണുള്ളത്. 32 കോടി രൂപ സപ്ലെയ്‌കോക്ക് മുന്‍കൂറായി നല്‍കും.

തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതല്‍ പൊടിയുപ്പു വരെ 13 ഇനങ്ങള്‍. തുണി സഞ്ചിയുള്‍പ്പെടെ പതിനാലിനം കണക്കാക്കിയാണ് കിറ്റ് തയ്യാറാക്കുന്നത്.