കാത്തിരിപ്പ് അവസാനിക്കുന്നു, വാക്ക് പാലിച്ച് സര്‍ക്കാര്‍; ഉദ്ഘാടനത്തിനൊരുങ്ങി ഒള്ളൂർക്കടവ് പാലം
ബാലുശേരി: ഉള്ള്യേരിയെയും കൊയിലാണ്ടി മണ്ഡലത്തിലെ ചെങ്ങോട്ടുകാവിനെയും ബന്ധിപ്പിക്കുന്ന ഒള്ളൂർക്കടവ് പാലം ഫെബ്രുവരി 25ന് നാടിന് സമര്‍പ്പിക്കും. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും.
2009ൽ ആണ് പാലത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നത്. അന്നത്തെ എംഎൽഎയായിരുന്ന പി.വിശ്വൻ ഇടപെട്ടാണ് എട്ടരക്കോടി രൂപ ബജറ്റിൽ അനുവദിച്ചത്. തുടര്‍ന്ന് കെ.ദാസന്‍ എംഎല്‍എയായിരുന്ന കാലത്താണ് പാലം പണി പുരോഗമിച്ചത്. 8.50 കോടി രൂപയുടെ പദ്ധതിയാണ് തുടക്കത്തിൽ തയ്യാറാക്കിയത്. അകലാപ്പുഴ ദേശീയ ജലപാതയായി അംഗീകരിച്ചതോടെ പാലത്തിന്റെ രൂപരേഖയിലും മാറ്റം വരുത്തി. കെ.എം സച്ചിൻദേവ് എംഎൽഎയുടെയും കാനത്തിൽ ജമീല എംഎൽഎയുടെയും നിരന്തരമായ ഇടപെടലിലൂടെ സ്ഥലമേറ്റെടുക്കലും നിർമാണ പ്രവൃത്തിയും വേഗത്തിലാക്കി. 18.99 കോടി രൂപയുടെ ഭരണാനുമതിയാണ് പിന്നീട് ലഭിച്ചത്.
പാലത്തിന്റെ മധ്യഭാഗത്ത് 55 മീറ്റർ നീളത്തിലും ജലോപരിതലത്തിൽനിന്ന് ആറ് മീറ്റർ ഉയരത്തിലുമായി ആർച്ചുൾപ്പെടെ പത്ത് സ്‌പാനുകളിലായി 250.06 മീറ്റർ നീളത്തിലുമാണ് നിർമിച്ചത്. ഇരുവശത്തും ഫുട്‌പാത്തും ഗ്യാരേജുമുൾപ്പെടെ 12 മീറ്റർ വീതിയിൽ ബോസ്‌മിങ്സ്‌പാനും 11 മീറ്ററിൽ മറ്റു സ്‌പാനുകളും അപ്രോച്ചും നിർമിച്ചിട്ടുണ്ട്. പാലത്തിനിരുവശത്തും സമീപറോഡും നിർമിച്ചിട്ടുണ്ട്.
എൻഎച്ച് 17ലെ ചെങ്ങോട്ടുകാവിനെയും എൻഎച്ച് 38 ലെ കൂമുള്ളിയെയും ബന്ധിപ്പിക്കുന്ന പാലം അത്തോളി-ഉള്ളേരി പഞ്ചായത്തുകളിലെ ജനങ്ങൾക്ക് എളുപ്പത്തിൽ കൊയിലാണ്ടിയിൽ എത്താൻ സഹായിക്കുന്നതാണ്. നിർമ്മാണം പൂർത്തിയായതോടെ ബാലുശ്ശേരി മണ്ഡലത്തിലെ പ്രധാന വികസന പ്രവർത്തനങ്ങളിൽ ഒന്നായി മാറുകയാണ് പാലം.
Description: Ollurkadav bridge ready for inauguration