പഴയകാല പ്രതികളെ നിരീക്ഷിക്കും; 24 മണിക്കൂറും പട്രോളിങ്, സ്കൂള്‍ കോളേജുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം; ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടി മേഖല എക്സൈസിന്റെ നിരീക്ഷണത്തില്‍
കൊയിലാണ്ടി: ഓണക്കാലം പരിഗണിച്ച് എക്സൈസ് വകുപ്പ് മദ്യം മയക്കുമരുന്നുമായി ബന്ധപ്പെട്ട് കുറ്റങ്ങള്‍ നിരീക്ഷികക്കുന്നതിനായി ആരംഭിച്ച ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനകള്‍ കൊയിലാണ്ടിയിലും കര്‍ശനം. മദ്യമയക്കുമരുന്ന് മേഖലയിലെ സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനും വിവിധ വകുപ്പുകള്‍ പ്രകാരം മുന്‍കൂര്‍ കസ്റ്റഡിയില്‍ വയ്ക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എക്സൈസ് പേരാമ്പ്ര സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
പേരാമ്പ്ര സര്‍ക്കിളില്‍ വരുന്ന ബാലുശ്ശേരി, കൊയിലാണ്ടി മേഖലകളില്‍ ഇരുപത്തിനാല് മണിക്കൂറും പരിശോധനകള്‍ നടക്കുന്നുണ്ട്. രാത്രികാല പട്രോളിങ് കര്‍ശനമാക്കിയിട്ടുണ്ട്. കൊയിലാണ്ടിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ രാത്രികാലങ്ങളില്‍ കൂടുതല്‍ പേരെ പട്രോളിങ്ങിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കൊയിലാണ്ടിയിലെ എക്സൈസ് ഓഫീസില്‍ നിന്നും അറിയിച്ചു.
വ്യാജവാറ്റ് വ്യാപകമായി നടക്കുന്ന കീഴരിയൂര്‍ മേഖല എക്സൈസ് ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലാണ്. വരുംദിവസങ്ങളിലും ഇവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും.
സ്കൂള്‍, കോളേജുകളില്‍ രഹസ്യ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താം. കണ്ട്രോള് റൂം നമ്പറിലോ എക്സൈസ് ഓഫീസിലോ വിളിച്ച് പരാതികള്‍ അറിയിക്കാവുന്നതാണ്. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളില്‍ മിന്നല്‍ പരിശോധന നടത്തുവാന്‍ സ്ട്രൈക്കിങ് ഫോഴ്സും സജീവമാണ് വിവരം ലഭിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഇത്തരം പരാതികള്‍ അന്വേഷണ വിധേയമാക്കും.