ജില്ലാ കലോത്സവത്തില്‍ മകള്‍ക്കൊപ്പം തബലയില്‍ അരങ്ങുതകര്‍ത്ത് അമ്മയും; ശ്രദ്ധേയമായി പന്തലായനി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഉറുദു ഗസല്‍


കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഉറുദു ഗസല്‍ ആലാപനത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ ദേവനന്ദയ്‌ക്കൊപ്പം വേദിയില്‍ തിളങ്ങി അമ്മ സന്ദീപ. പന്തലായനി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവനന്ദ ആദ്യമായാണ് ഉറുദു ഗസല്‍ അവതരിപ്പിക്കുന്നത്. മകള്‍ക്കായി തബല വായിച്ചതാകട്ടെ അമ്മ സന്ദീപയും.

പന്തലായിനി സ്വദേശിനിയായ ദേവനന്ദ ഒന്നാം ക്ലാസ് മുതല്‍ കാവുംവട്ടം വാസുദേവന്‍ മാഷുടെ കീഴില്‍ സംഗീതം അഭ്യസിച്ചുവരികയാണ്. കണ്ണൂര്‍ സ്വദേശിനായ അമ്മ സന്ദീപ നാലാം ക്ലാസ് മുതല്‍ കൂത്തുപറമ്പ് ഉസ്താദ് ഹാരീസ് ഭായ് യുടെ കീഴില്‍ തബല പഠിച്ചുതുടങ്ങിയിരുന്നു. സ്‌കൂള്‍ കോളേജ് ഉള്‍പ്പെടെ തബല വിഭാഗം മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു സന്ദീപ. പല വേദികളിലും തബല വായിക്കാറുണ്ടെങ്കിലും ആദ്യമായാണ് മകള്‍ക്കൊപ്പം മത്സരത്തില്‍ വേദി പങ്കിടുന്നതെന്ന് സന്ദീപ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ആദ്യ പരിശ്രമത്തില്‍ തന്നെ മകള്‍ ഉറുദു ഗസലില്‍ എ ഗ്രേഡ് കരസ്ഥമാക്കിയതിലും മകള്‍ക്കൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതിലും വലിയ സന്തോഷമുണ്ടെന്ന് സന്ദീപ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ബാലുശ്ശേരി കനറാ ബാങ്ക് എഫ്.എല്‍സി ജീവനക്കാരിയാണ്.