ജോലി വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ കോഴിക്കോട് എത്തിച്ച് പീഡിപ്പിക്കുകയും സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസ്: പ്രതിയായ നഴ്‌സ് അറസ്റ്റില്‍


കോഴിക്കോട്: വനിതാ ഡോക്ടറെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കേസിലെ പ്രതിയായ നഴ്‌സ് അറസ്റ്റില്‍. തൃശ്ശൂര്‍ പുന്നയൂര്‍ സ്വദേശി നിഷാം ബാബു (24)വിനെയാണ് കസബ പോലീസ് അറസ്റ്റുചെയ്തത്. പന്നിയങ്കരയില്‍ ഒളിവില്‍ താമസിച്ചുവരുകയായിരുന്നു പ്രതി.

മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടറാണ് പരാതിക്കാരി. മൈസൂരുവിലെ ആശുപത്രിയില്‍ ഇരുവരും ഒരുമിച്ച് ജോലിചെയ്തിരുന്നു. ഇപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അസ്ഥിരോഗ വിഭാഗത്തിലാണ് നിഷാം ബാബു നഴ്‌സായി ജോലിചെയ്യുന്നത്.

കോയമ്പത്തൂരില്‍ കൂടുതല്‍ മെച്ചപ്പെട്ട ജോലിവാഗ്ദാനം ചെയ്ത് ഡോക്ടറെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് മാവൂര്‍റോഡിലെ ലോഡ്ജില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പീന്നിട് നഗ്‌നദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മൈസൂരുവിലെ വിവിധ ലോഡ്ജുകളില്‍വെച്ച് പീഡനം തുടര്‍ന്നു. പീന്നിട് നിഷാം ബാബുവിന്റെ ഫോണുകളോട് പ്രതികരികരിക്കാതിരുന്നതോടെ ഡോക്ടറുടെ നഗ്‌നചിത്രങ്ങള്‍ ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് പീഡനത്തിനിരയായ ഡോക്ടര്‍ കസബ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ്, സീനിയര്‍ സിവില്‍ പോലീസുകാരായ രതീഷ്, രഞ്ജീഷ്, ബി. ഷെറീന, സി.പി.ഒ. വിഷ്ണുപ്രഭ തുടങ്ങിയവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.