വിദേശത്തൊരു നഴ്‌സോ ടെക്നിഷ്നോ അകാൻ ആഗ്രഹമുണ്ടോ; അവസരങ്ങളുമായി നോര്‍ക്കാറൂട്ട്‌സ്; വിശദവിവരങ്ങളറിയാം


കോഴിക്കോട്: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്സ്, ടെക്നിഷ്യന്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം. ഇതിനായി നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷ സ്വീകരിക്കും.

സര്‍ജിക്കല്‍/മെഡിക്കല്‍/ ഒ.റ്റി / ഇ.ആര്‍ / എന്‍ഡോസ്‌കോപ്പി തുടങ്ങിയ നഴ്സിംഗ് വിഭാഗത്തിലും സി.എസ്.എസ്.ഡി / എക്കോ ടെക്നിഷ്യന്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

ബി.എസ്.സി നഴ്സിങ്ങില്‍ ബിരുദവും സര്‍ജിക്കല്‍/മെഡിക്കല്‍ ഡിപ്പാര്‍ട്മെന്റില്‍ കുറഞ്ഞത് രണ്ട്  മുതല്‍ മൂന്ന് വര്‍ഷം വരെ പ്രവര്‍ത്തിപരിചയവുമുള്ള പുരുഷ നഴ്സുമാര്‍ക്ക് വാര്‍ഡ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം.

ഒ.റ്റി/ ഇ.ആര്‍ ഡിപ്പാര്‍ട്മെന്റിലേക്ക് ബി.എസ്.സി നഴ്സിങ്ങില്‍ ബിരുദവും കുറഞ്ഞത് അഞ്ച്‌ വര്‍ഷത്തെ ഒ.റ്റി/ ഇ.ആര്‍ പ്രവര്‍ത്തി പരിചയവുമുള്ള വനിതാ-പുരുഷ നഴ്സുമാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്‍ഡോസ്‌കോപ്പി നേഴ്സ് തസ്തികയില്‍ കുറഞ്ഞത് അഞ്ച്‌ വര്‍ഷം എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബി.എസ്.സി നഴ്സിംഗ് ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സി.എസ്.എസ്.ഡി ടെക്നീഷ്യന്മാരുടെ ഒഴിവിലേക്ക്  രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ ഏതെങ്കിലും ആശുപത്രിയില്‍ സി.എസ്.എസ്.ഡി ടെക്നീഷ്യനായി പ്രവര്‍ത്തിച്ചിട്ടുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. എക്കോ ടെക്നിഷ്യന്‍ ഒഴിവിലേക്ക് കുറഞ്ഞത് അഞ്ച്‌ വര്‍ഷം എക്കോ ടെക്നീഷ്യനായി പ്രവര്‍ത്തിച്ചിട്ടുള്ള വനിതകള്‍ ആയിരിക്കണം.

നഴ്സുമാര്‍ക്ക് 3500 മുതല്‍ 5000 ദിര്‍ഹവും ടെക്നീഷ്യന്മാര്‍ക്ക് 5000 ദിര്‍ഹവും ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.norkaroots.org വഴി ജൂലൈ 25 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നു നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കറൂട്ട്സിന്റെ വെബ്സൈറ്റില്‍ നിന്നും ടോള്‍ ഫ്രീ നമ്പറായ 1800 425 3939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം ) ലഭിക്കുന്നതാണ്. ഇ-മെയില്‍ [email protected].

summary: nurse and technical staff vacancies in dubai hospital can be applied through norca- roots