‘ചികിത്സയ്ക്കാവശ്യമായ തുകയുടെ പകുതിപോലും സ്വരൂപിക്കാനായിട്ടില്ല, ഇവാന്റെ ജീവിതം നിങ്ങളുടെയൊക്കെ കയ്യിലാണ്, അവനെ സ്വന്തം മകനെപ്പോലെ കരുതി സഹായിക്കണം’ എസ്.എം.എ രോഗത്തിന് ചികിത്സതേടുന്ന പാലേരിയിലെ മുഹമ്മദ് ഇവാന്റെ ഉപ്പ നൗഫല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറയുന്നു


പേരാമ്പ്ര: ‘ പതിനെട്ടുകോടിയെന്നത് എന്നെ സംബന്ധിച്ച് സ്വപ്‌നം പോലും കാണാന്‍ കഴിയാത്തത്രയും വലിയ തുകയാണ്. നന്മ നഷ്ടപ്പെട്ടിട്ടില്ലാത്ത ജനങ്ങളില്‍ പ്രതീക്ഷ വെച്ചുകൊണ്ടാണ് ഞാനും കുടുംബവും കഴിഞ്ഞകുറച്ചുദിവസമായി നെട്ടോട്ടമോടുന്നത്. സ്വന്തം മകനെപ്പോലെ കരുതി അവനെ സഹായിക്കണം’ സ്‌പൈനല്‍ മാസ്‌കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിയിലെ മുഹമ്മദ് ഇവാന്റെ ഉപ്പ നൗഫലിന്റെ വാക്കുകളാണിത്.

18 കോടിയിലധികം ചിലവ് വരുന്ന ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നുകളില്‍ ഒന്നായ സൊള്‍ജെന്‍സമ എന്ന ഇന്‍ഞ്ചെക്ഷന്‍ എത്രയും പെട്ടെന്ന് നല്‍കിയാലേ ഇവാനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കൂ. ഒന്നരമാസത്തിലേറെയായി അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് നൗഫലും കുടുംബവും. എല്ലാ പിന്തുണയും സഹായവുമായി പ്രദേശത്തെ ജനപ്രതിനിധികളും നാട്ടുകാരും ഒപ്പമുണ്ട്. എങ്കിലും ഇത്രയും വലിയ തുക കണ്ടെത്തുകയെന്നത് എളുപ്പമല്ല.

അഞ്ചേകാല്‍ കോടി രൂപയോളമാണ് ഇതിനകം സ്വരൂപിക്കാന്‍ കഴിഞ്ഞതെന്ന് നൗഫല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇവാനിപ്പോള്‍ ഒരുവയസും പതിനൊന്ന് മാസവുമായി പ്രായം. രണ്ട് വയസിനുള്ളില്‍ മരുന്ന് നല്‍കിയാലേ ശരീരത്തിന് ഗുണം ചെയ്യൂവെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എത്രത്തോളം നേരത്തെ മരുന്ന് നല്‍കുന്നോ അത്രയും ഗുണം ചെയ്യും. ആഗസ്റ്റ് 22ന് ഇവാന് രണ്ട് വയസു പൂര്‍ത്തിയാകും. അതിനു മുമ്പ് തന്നെ ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ എല്ലാതരത്തിലുമുള്ള സഹായം സുമനസുകളില്‍ നിന്നുണ്ടാകണമെന്ന പ്രതീക്ഷയിലാണ് നൗഫല്‍.

ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി കല്ലുള്ളതില്‍ നൗഫലിന്റെ മകന്‍ മുഹമ്മദ് ഇവാന് അടുത്തിടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുവയസായിട്ടും എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത കുട്ടിക്ക് കഴിഞ്ഞ ഒരു വര്‍ഷമായി പലവിധ ചികിത്സകള്‍ നടത്തിവരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയ്ക്ക് എസ്.എം.എ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോ. സ്മിലു മോഹന്‍ലാലാണ് ഇവാനെ ചികിത്സിക്കുന്നത്.

നിങ്ങള്‍ക്കും സഹായിക്കാം:

അക്കൗണ്ട് നമ്പർ: 20470200002625

(IFSC FDRL0002047)

ഗൂഗിൾ പേ നമ്പർ: 7034375534 (എൻ.എം.ജാസ്മിൻ)