വിദേശത്തെ ജോലി മതിയാക്കി തിരിച്ചെത്തിയ കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കായി നോർക്ക റൂട്ട്സും എസ്.ബി.ഐയും സംയുക്തമായി ലോൺ മേള സംഘടിപ്പിക്കുന്നു; വിശദാംശങ്ങൾ അറിയാം


കോഴിക്കോട്: വിദേശത്തെ ജോലി മതിയാക്കി തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോൺ മേള ഡിസംബർ 19 മുതൽ 21 വരെ നടക്കും. കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള. കോഴിക്കോട് എസ്.ബി.ഐ റീജിയണൽ ബിസ്സിനസ്സ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിൻ ബ്രാഞ്ചുകളിലുമാണ് വായ്പാ മേള നടക്കുക. രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടിൽ മടങ്ങി വന്ന പ്രവാസികൾക്ക് മേളയിൽ പങ്കെടുക്കാം.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ഫോർ റീട്ടേൺഡ് എമിഗ്രൻസ് പദ്ധതി പ്രകാരമാണ് വായ്പാ മേള. പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക.

കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.

തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് പദ്ധതി. സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യ സ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകൾ വഴി പദ്ധതി ലഭ്യമാണ്. വിശദവിവരങ്ങൾ നോർക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റിൽ ലഭ്യമാണ്.

പങ്കെടുക്കാൻ താൽപര്യമുളള പ്രവാസി സംരംഭകർ ഡിസംബർ 15 നകം നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴി രജിസ്റ്റർ ചെയ്യണം. നോർക്ക റൂട്‌സിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നവർക്ക് മാത്രമേ ലോൺ മേളയിൽ പങ്കെടുക്കാനാവൂ. കൂടുതൽ വിവരങ്ങൾക്ക് 0471 2770 511, +91-7736 917 333 (വാട്‌സ്ആപ്പ്) എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.