പ്രവാസികളുടെ മക്കള്‍ക്ക് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പ്, 31വരെ അപേക്ഷിക്കാം, വിശദവിവരങ്ങള്‍ അറിയാം
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് നല്കുന്ന സ്കോളര്‍ഷിപ്പിന് 31വരെ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രവാസി മലയാളികളുടെയും തിരികെ എത്തിയവരുടെയും മക്കള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്.
റെഗുലര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും, കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുമായിരിക്കും സ്കോളര്‍ഷിപ്പിന് അര്‍ഹത. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും 2023-24 അധ്യയനവർഷം ചേർന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യതാ പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം.
കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുള്ള ഇ.സി.ആര് കാറ്റഗറിയില്‍ ഉള്‍പ്പെട്ട പ്രവാസി കേരളീയരുടെ മക്കള്‍ക്കും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെ എത്തി കേരളത്തില്‍ താമസമാക്കിയവരുടെ (മുന്‍ പ്രവാസികളുടെ) മക്കള്‍ക്കുമാണ് പദ്ധതിപ്രകാരമുള്ള സ്കോളര്‍ഷിപ്പ് ലഭിക്കുക. വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തിൽ കൂടുതലാകാൻ പാടില്ല. യോഗ്യതയുള്ളവര്‍ അവസാന തീയതിക്ക് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കണം.
വിവരങ്ങൾക്ക്: www.scholarship.norkaroots.org ഫോൺ: 0471-2770528 നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നു മിസ്ഡ് കോൾ സർവീസ്).