നിപ സംശയം; ‘മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും തിരിച്ചറിഞ്ഞു, മരുതോങ്കരയില്‍ നിലവില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല’; പഞ്ചായത്തില്‍ കണ്ട്രോള്‍ റൂം തുറന്നു


മരുതോങ്കര: മരുതോങ്കരയില്‍ പനി ബാധിച്ചു മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും തിരിച്ചറിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത്. നിപ സംശയം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മരിച്ചയാളുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവരെ കണ്ടെത്തിയത്. ഇവരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെ സജിത്ത് പറഞ്ഞു. ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല. പഞ്ചായത്തില്‍ കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പനി ബാധിതരെ കണ്ടെത്താന്‍ സര്‍വ്വേ നടത്തുന്നുണ്ടെന്നും അറിയിച്ചു.

പഞ്ചായത്ത് ആരോഗ്യവകുപ്പ് വിഭാഗം മരിച്ചയാളുടെ വീടിന്റെ അടുത്തുള്ള തൊണ്ണൂറ് വീടുകള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇതിൽ സ്വാഭാവികമായി പനിയുള്ള അഞ്ചു വീടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കുടുംബക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ ആര്‍ക്കും പനിയുള്ളതായി അറിവില്ല. ജനങ്ങളോട് മാസ്‌ക് ഉപയോഗിക്കാനും ജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നും ആശാപ്രവര്‍ത്തകര്‍ ഫീല്‍ഡ് വര്‍ക്ക് നടത്തുന്നുണ്ട്.

പഞ്ചായത്തില്‍ കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പനി ബാധിക്കുന്നവരോട് ഇവിടെ അറിയിപ്പ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കഴിഞ്ഞ മാസം 30നാണ് പനി ബാധിച്ച് നിപ സംശയിക്കുന്നയാള്‍ മരിച്ചത്. അതിനു ശേഷം പനി ബാധിച്ച് ആശുപത്രിയില്‍ പോയ എല്ലാവരുടേയും വിവരങ്ങള്‍ ആശുപത്രിയില്‍ നിന്ന് ശേഖരിച്ചതായും പറഞ്ഞു.