ഇന്‍ഷുറന്‍സും നമ്പര്‍ പ്ലേറ്റുമില്ല; അരിക്കുളം മുക്കില്‍ വാഗാഡ് ലോറികള്‍ തടഞ്ഞ് ഡി.വൈ.എഫ്.ഐ


അരിക്കുളം: മതിയായ രേഖകളില്ലാതെ വാഹനം നിരത്തില്‍ ഇറക്കില്ലെന്ന ഉറപ്പ് ലംഘിച്ച വാഗാഡ് കമ്പനിയ്‌ക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ഇതിന്റെ ഭാഗമായി കാരയാട് ഭാഗത്തുനിന്നും മണ്ണുമായി വരികയായിരുന്ന വാഗാഡിന്റെ രണ്ട് ലോറികള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. അരിക്കുളം മുക്കില്‍വെച്ചായിരുന്നു വാഹനം തടഞ്ഞത്.

ലോറികള്‍ക്ക് പിറകില്‍ നമ്പര്‍ പ്ലേറ്റില്ലെന്നും ഇന്‍ഷുറന്‍സും മറ്റ് രേഖകളുമില്ലെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇതുവഴി പോയ നാല് ടോറസുകള്‍ക്ക് ഇത്തരത്തില്‍ രേഖകളില്ലെന്ന് വ്യക്തമായിട്ടുണ്ട്. മറ്റ് ലോറികള്‍ കൂടി തടയുമെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

മുത്താമ്പി വൈദ്യരങ്ങാടിയില്‍ വാഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് യുവതി മരണപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി കമ്പനിയുടെ വാഹനങ്ങള്‍ ഡി.വൈ.എഫ്.ഐ തടഞ്ഞിരുന്നു. ഇതിനു പിന്നാലെ കൊയിലാണ്ടിയില്‍ നടന്ന ചര്‍ച്ചയില്‍ നിയമപരമായ രേഖകളില്ലാതെ മതിയായ സുരക്ഷിതത്വമില്ലാതെ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കില്ലെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം പൂക്കാടുവെച്ചും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വാഗാഡ് ലോറികള്‍ തടഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് അരിക്കുളത്തുവെച്ച് വാഗാഡ് വാഹനം തടഞ്ഞത്.