നിപ: കോഴിക്കോട് ജില്ലയിലെ അനിശ്ചിത കാല സ്‌കൂള്‍ അടച്ചിടല്‍ ഇല്ല; ഉത്തരവ് തിരുത്തിയതായി ജില്ലാ ഭരണകൂടം


കോഴിക്കോട്: നിപ സാഹചര്യത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനിശ്ചിതകാല അവധി നല്‍കിയുള്ള ഉത്തരവില്‍ തിരുത്ത്. സെപ്റ്റംബര്‍ 23 വരെ സ്‌കൂള്‍ അടച്ചിടുമെന്നാണ് പുതുക്കിയ ഉത്തരവ്.

ഈ ദിവസങ്ങളില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തും. സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ നടത്തുമെന്നായിരുന്നു നേരത്തെ ജില്ലാ ഭരണകൂടം ഉത്തരവ് ഇറക്കിയത്.

ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താന്‍ പാടില്ല. അങ്കണവാടികള്‍, മദ്രസ്സകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരേണ്ടതില്ല.