‘സോഷ്യലിസ്റ്റുകളുടെ പുനരേകീകരണം രാജ്യത്തിന്റെ ആവശ്യം’; ആര്‍.ജെ.ഡി ചേമഞ്ചേരി പഞ്ചായത്ത് കണ്‍വന്‍ഷനില്‍ എന്‍.കെ.ഭാസ്‌കരന്‍



ചേമഞ്ചേരി: രാജ്യം നിര്‍ണായകമായ പൊതു തരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ പ്രാദേശിക ഭിന്നതകള്‍ മറന്ന്  സോഷ്യലിസ്റ്റുകളുടെ ഐക്യം ആവശ്യമാണെന്ന് ആര്‍.ജെ.ഡി ജില്ലാ അധ്യക്ഷന്‍ എന്‍.കെ.ഭാസ്‌കരന്‍ അഭിപ്രായപ്പെട്ടു. പൂക്കാട് മര്‍ച്ചന്റ്  അസോസിയേഷന്‍ ഹാളില്‍ നടന്ന ആര്‍.ജെ.ഡി ചേമഞ്ചേരി പഞ്ചായത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രമുഖ സോഷ്യലിസ്റ്റുകള്‍ ആയിരുന്ന കെ.നാരായണന്‍, കുന്നത്ത് പദ്മനാഭന്‍, ബാലകൃഷ്ണന്‍ സങ്കേതം എന്നിവരുടെ അനുസ്മരണവും കണ്‍വന്‍ഷനൊപ്പം സംഘടിപ്പിച്ചിരുന്നു. കെ.പ്രദീപന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

വി.വി.മോഹനന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ജെ.ഡി ജില്ലാ സെക്രട്ടറി ജെ.എന്‍.പ്രേംഭാസില്‍, ആര്‍.ജെ.ഡി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ബാബു കുളൂര്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഷീല, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ഷീബ ശ്രീധരന്‍, വളപ്പില്‍ മോഹനന്‍, അവിനാഷ് ജി.എസ് എന്നിവര്‍ സംസാരിച്ചു.