പ്രായം വെറുമൊരു നമ്പര്‍ മാത്രം; വൈബായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘നിറസന്ധ്യ 2024 വയോജനോത്സവം’
കൊയിലാണ്ടി: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘നിറസന്ധ്യ 2024 വയോജനോത്സവം’. ആന്തട്ട യു.പി സ്കൂളിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വയോജനോത്സവത്തിൽ അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി പഞ്ചായത്തുകളിൽ നിന്നായി മുന്നൂറോളം വയോജനങ്ങൾ പങ്കെടുത്തു.
പഞ്ചായത്ത് 2024-25 വാർഷികപദ്ധതിയുടെ ഭാഗമായി വയോജനങ്ങളുടെ കലാ -സാംസ്കാരിക രംഗത്തെ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വയോജനോത്സവം സംഘടിപ്പിച്ചത്. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് വയോജനോത്സവം സംഘടിപ്പിക്കുന്നത് എന്നതാണ്പരിപാടിയുടെ പ്രധാന പ്രത്യേകത.
സിനിമാ നാടകഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, ഞാറ്റുപാട്ട്, നാടൻപാട്ട്, പ്രച്ഛന്ന വേഷം, തിരുവാതിര, ഒപ്പന, സംഘനൃത്തം, നാടോടി നൃത്തം, കവിതാരചന, ചിത്രരചന, അനുഭവക്കുറിപ്പ്, കളിമൺ ശില്പ നിർമ്മാണം തുടങ്ങിയ ഇനങ്ങളിൽ സ്ത്രീപുരൂഷ ഭേദമന്യേ വയോജനങ്ങൾ വേദികളിൽ നിറഞ്ഞാടി.
കലോത്സവത്തില്‍ അരിക്കുളം പഞ്ചായത്ത് ഒന്നാം സ്ഥാനവും ചേമഞ്ചേരി രണ്ടാം സ്ഥാനവും നേടി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് കലോത്സവം ഉദ്ഘാടനം ചെയ്തു.
Description: 'Nirasandhya 2024 Vayojanotsavam' of Pantalayani Block Panchayat