നിപ പ്രതിരോധം ശക്തമാക്കുന്നു; ആഗസ്റ്റ് 29ന് ഈ സമയങ്ങളില്‍ ഇഖ്‌റ ആശുപത്രിയില്‍ ഉണ്ടായിരുന്ന എല്ലാവരും നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദേശം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചിരിക്കുകയാണ്. ആദ്യം നിപ ബാധിച്ച് മരിച്ചയാളുമായി നേരിട്ട് സമ്പര്‍ക്കം ഉള്ള 39 വയസുകാരനാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയാണ് ഇയാള്‍.
ആദ്യം മരണപ്പെട്ട വ്യക്തിയുടെ ഹൈ റിസ്‌ക് കോണ്ടാക്ടില്‍ ഉള്ള എല്ലാവരെയും പരിശോധിക്കാനാണ് നിലവില്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇവര്‍ക്ക് രോഗ ലക്ഷണം ഇല്ലെങ്കിലും പരിശോധിക്കും. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബ് കോഴിക്കോട് എത്തി പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. 192സാംപിളുകള്‍ ഒരേ സമയം പരിശോധിക്കാന്‍ ഈ ലാബിന് സാധിക്കും. രോഗബാധ കണ്ടെത്തിയാല്‍ സ്ഥിരീകരിക്കാനുള്ള പരിശോധന പൂനെയില്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തും.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 29ന് വിവിധ സമയങ്ങളില്‍ ഇഖ്‌റ ആശുപത്രിയില്‍ ഉണ്ടായിരുന്ന എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ക്യാഷ്വാലിറ്റി എമര്‍ജന്‍സി പ്രയോരിറ്റി – 1ല്‍ 2023 ഓഗസ്റ്റ് 29ന് പുലര്‍ച്ചെ രണ്ട് മണി മുതല്‍ മൂന്ന് വരെ ഉണ്ടായിരുന്നവരും
ക്യാഷ്വാലിറ്റി എമര്‍ജന്‍സി പ്രയോറിറ്റി – 1നും പ്രയോറിറ്റി – 2നും പൊതുവായ ഇടനാഴിയില്‍ 2023 ഓഗസ്റ്റ് 29ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ നാല് മണി വരെ ഉണ്ടായിരുന്നവരും.
എം.ഐ.സി.യു – 2ന് പുറത്തുള്ള കാത്തിരിപ്പ് കേന്ദ്രത്തില്‍ 2023 ഓഗസ്റ്റ് 29ന് പുലര്‍ച്ചെ 3.45 മുതല്‍ 4.15 വരെ ഉണ്ടായിരുന്നവരും
2023 ഓഗസ്റ്റ് 29ന് പുലര്‍ച്ചെ 3.45ന് ശേഷം എം.ഐ.സി.യു -2ല്‍ അഡ്മിറ്റ് ആയ എല്ലാ രോഗികളും നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം.