കനത്ത മഴയിൽ കൊയിലാണ്ടിയിൽ വ്യാപക നാശം; ഒൻപത് വീടുകൾ തകർന്നു; ആളുകളെ മാറ്റിപാർപ്പിക്കുന്നു
കൊയിലാണ്ടി: കനത്ത മഴയിൽ വിറങ്ങലിച്ച് നാട്. കാലവർഷം ശക്തമായതോടെ കോഴിക്കോട് ജില്ലയിലെ പലയിടങ്ങളിലും വ്യാപക നാശ നഷ്ടങ്ങളാണുണ്ടായത്. മഴക്കെടുതികൾ കൊയിലാണ്ടിയിയെയും വല്ലാതെ ബാധിച്ചു. കാറ്റിലും മഴയിലും ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒൻപത് വീടുകൾ ഭാഗികമായി തകർന്നു. വടകര താലൂക്കിലെ ഒരു വീടിനും നാശനഷ്ടമുണ്ടായി.
വിയ്യൂർ വില്ലേജിൽ കൊല്ലത്ത് ലിബ്ര ഹൗസിൽ ശശി എസ് നായരുടെ വീട് ഭാഗികമായി തകർന്നു. കൊഴുക്കല്ലൂർ വില്ലേജിൽ കൊടക്കാട്ട് മീത്തൽ ചന്ദ്രന്റെ വീടിന് പുറകിൽ മണ്ണിടിഞ്ഞു. അപകട സാധ്യത കണക്കിലെടുത്ത് കുടുംബത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
പഴങ്കാവ് നാലാം വാർഡിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് വീട്ടുകാർ മാറി താമസിച്ചിട്ടുണ്ട്. കുന്നുമ്മൽവില്ലേജിലെ വണ്ണത്താം വീട്ടിൽ ചന്ദ്രനും കുടുംബവും വീടിൻ്റെ വരാന്തവരെ വെള്ളം കയറുകയുണ്ടായി.
നരിപ്പറ്റ വില്ലേജിലെ വെങ്ങക്കണ്ടി നാരായണിയുടെ വീട് ഭാഗികമായി തകർന്നു. ചോറോട് വില്ലേജ് കുരിക്കിലാട് തടത്തിൽ നാണുവിന്റെ വീടിനും ഓട്ടോറിക്ഷക്കും മുകളിൽ തെങ്ങുവീണു ഭാഗിക നാശനഷ്ടങ്ങൾ ഉണ്ടായി.
മഴക്കെടുതി മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കൊയിലാണ്ടി മേഖലയിൽ മഴദുരന്തം അനുഭവിക്കുന്നവർക്ക് 0496- 2623100, 0496- 2620235 എന്ന നമ്പറിൽ ബന്ധപ്പെടാം. വടകര മേഖലയിലുള്ളവർ 0496- 2520361 എന്ന നമ്പറിൽ ബന്ധപെടുക.