‘ലക്ഷ്യം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേട്ടം, ഇനിയുള്ള ദിവസങ്ങള്‍ അതിനായി’; ഇന്തോനേഷ്യന്‍ പാരാബാഡ്മിന്റണില്‍ വെങ്കല തിളക്കത്തില്‍ മുചുകുന്ന് സ്വദേശി നിധിന്‍


മുചുകുന്ന്: ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ്‌ഞ്ഞ് രാജ്യത്തിനായി മെഡല്‍ നേടിയപ്പോള്‍ തോന്നിയ സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്…..2026ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടണമെന്ന് തന്നെയാണ് ആഗ്രഹം. അതിനായുള്ള കഠിന പരിശ്രമത്തിലാണ് ഇനിയുള്ള നാളുകള്‍…ഇന്തോനേഷ്യന്‍ പാരാബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ മുചുകുന്ന് സ്വദേശി കെ.ടി നിധിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിച്ചതാണിത്.

തന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായ ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കണമെങ്കില്‍ ജപ്പാന്‍ ടൂര്‍ണമെന്റില്‍ കൂടി മെഡല്‍ നേടേണ്ടതുണ്ട്. അതിനുള്ള കഠിന പരിശ്രമത്തിനായി ഒക്ടോബര്‍ 5ന് ഗുജറാത്തിലെ സായിയിലേക്ക് തിരിച്ച് പോകും. ഇന്തോനേഷ്യയിലെ സോളോസിറ്റിയില്‍ 17 മുതല്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നീ വിഭാഗങ്ങളിലാണ് നിധിന്‍ പങ്കെടുത്തത്. അതില്‍ തന്നെ ഡബിള്‍സിലാണ് വെങ്കല മെഡല്‍ നേടിയത്. ഇന്തോനേഷ്യന്‍ താരം സുബന്‍ ആണ് ഗോള്‍ഡ് മെഡല്‍ നേടിയത്. തമിഴ്‌നാട് സ്വദേശിയായ ശിവരാജന്‍ സോളമലൈയ്ക്കാണ് വെള്ളി മെഡല്‍.

ഈ മാസം 27ന് നിധിന്‍ നാട്ടിലെത്തും. പരിശീലന കാലത്ത് ഉണ്ടായ പരിക്ക് ചികിത്സിക്കാനായാണ് നാട്ടിലെത്തുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 5ന് ഗുജറാത്തിലേക്ക് തിരിക്കും. ജപ്പാന്‍ ഓപ്പണ്‍ ടൂര്‍ണമെന്‌റിലും മെഡല്‍ നേടാനാകും എന്നുതന്നെയാണ് നിധിന്റെ വിശ്വാസം. അങ്ങനെയെങ്കില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് 2026ലെ ഏഷ്യന്‍ ഗെയിംസില്‍ മുചുകുന്നിന്റെ അഭിമാനം വാനോളമുയര്‍ത്തി നിധിന്‍ പങ്കെടുക്കും.

കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ വെള്ളിമെഡല്‍ നേടിയ താരമാണ് നിതിന്‍. ലോക പാരാബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി ഗ്രൂപ്പ് മത്സരിച്ച ഏക മലയാളിയും. കുറച്ചുകാലമായി ഗുജറാത്തിയിലെ സായിയില്‍ പരിശീലനത്തിലാണ് നിതിന്‍. മുചുകുന്ന് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി ബാലന്റെയും പ്രേമയുടെയും മകനാണ്.

Description: Nidin won bronze medal in Indonesian Para Badminton