”അണേലക്കടവ് പാലത്തിനു താഴെ ഷൂട്ടിങ് കാണാനെത്തിയ ചെക്കന്‍ മനസില്‍ പകര്‍ത്തിവെച്ച സംഭവം”; പാലും പഴവും ചിത്രത്തിനായുള്ള ഗാനത്തിന്റെ റെക്കോര്‍ഡിനിടെ നടന്‍ അശോകനെ കണ്ടപ്പോള്‍ പഴയകാല ഓര്‍മ്മകളെക്കുറിച്ച് നിതീഷ് നടേരി


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ ഗാനരചയിതാവ് നിതീഷ് നടേരി ഭാഗമായ പാലും പഴവും എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിനായുള്ള പാട്ടിന്റെ റെക്കോര്‍ഡിങ് സമയത്തെ ചില ഓര്‍മ്മകള്‍ പങ്കുവെച്ച് നിതീഷ് എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധനേടുകയാണ്.

പാലും പഴവും എന്ന ചിത്രത്തിലെ ടൈറ്റില്‍ സോങ് അടക്കം രണ്ട് ഗാനങ്ങള്‍ രചിച്ചത് നിതീഷാണ്. ഇതില്‍ രണ്ടാമത്തെ ഗാനം പാടിയത് നടന്‍ അശോകനാണ്. റെക്കോര്‍ഡിങ്ങിനിടെ അശോകന്‍ പാടുന്നത് കണ്ടപ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഷൂട്ടിങ്ങിനായി കൊയിലാണ്ടി അണേലക്കടവ് പാലത്തിനു താഴെ എത്തിയ നടന്‍ അശോകനെ കാണാനായി സൈക്കിളുമെടുത്ത് മഴനഞ്ഞ് പോയ ഓര്‍മ്മകളാണ് മനസിലേക്ക് തികട്ടിവന്നതെന്നാണ് നിതീഷ് കുറിപ്പില്‍ പറയുന്നത്.

അന്നത്തെ ഷൂട്ടിങ് ഏത് സിനിമയുടേതാണെന്നോ ഒന്നും ഓര്‍മ്മയില്ലെങ്കിലും സ്റ്റുഡിയോയില്‍ അശോകനെ അടുത്ത് കണ്ടപ്പോള്‍ മനസില്‍ ഈ സംഭവങ്ങളായിരുന്നെന്ന് നിതീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തിരക്ക് കാരണം നിതീഷിന് അശോകനുമായി ഈ ഓര്‍മ്മകളൊന്നും പങ്കുവെക്കാനോ കൂടുതല്‍ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല. എങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ വരികള്‍ അശോകന്‍ പാടിയത് ഏറെ സന്തോഷത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിതീഷിന്റെ കുറിപ്പ് വായിക്കാം:

നാട്ടില്‍ അണേലക്കടവ് പാലത്തിനു താഴെ ഷൂട്ടിങ്ങുണ്ടെന്നറിഞ്ഞ് ചാറ്റല്‍ മഴയത്ത് സൈക്കിളുമെടുത്ത് ചെന്നതാണു ഞാന്‍. പാലം പണി നടക്കുന്ന കാലമാണ്. പാലത്തിന്റെ താഴെ ആളുകള്‍ കൂടിയ ഇടത്ത് ഒരു കസേരയില്‍ അതുവരെ സ്‌ക്രീനില്‍ മാത്രം കണ്ട നടനിരിക്കുന്നു. അശോകന്‍ പത്മരാജന്‍ അടൂര്‍ ഭരതന്‍ തുടങ്ങിയ താരസംവിധായകരുടെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായ നടന്‍.. ഇന്‍ഹരിഹര്‍ നഗറിലെയും ഗാന്ധിനഗറിലെയും കൗശലക്കാരനായ യുവാവ്.

അന്തരീക്ഷത്തിലന്ന് മൊബൈല്‍ ഫോണെന്ന വാക്കുപോലുമില്ല. അദ്ദേഹമിരിക്കുന്ന കസേരയ്ക്കു പിന്നില്‍ നിന്ന് ഞാന്‍ മനസില്‍ ആ സംഭവം പല ക്‌ളിക്കുകളില്‍ പകര്‍ത്തി വച്ചു. കാലങ്ങളോളം നീര്‍ത്തിയ തിരശീലയിലെ അമര സാന്നിധ്യത്തിന് തൊട്ടടുത്താണ് മഴയില്‍ നനഞ്ഞ നാട്ടുമ്പുറം ചെക്കന്‍ നില്‍ക്കുന്നത്… ആ ചെക്കന്‍ ആദ്യമായി കണ്ട ഷൂട്ടിങ്ങ്. ആദ്യമായി കണ്ട നടന്‍.

മാസങ്ങള്‍ക്കുമുന്‍പ് അദ്ദേഹം പാടുന്ന പാട്ടിന്റെ റെക്കോര്‍ഡിങ്ങിന് ചെന്നപ്പോള്‍ ഇതൊക്കെ മനസില്‍ പ്‌ളേ ലിസ്റ്റില്‍ പലവുരു കറങ്ങി. പാലും പഴവും എന്ന വി കെ പി ചിത്രത്തില്‍ ജസ്റ്റിന്‍ ഉദയ് കൂട്ടുകെട്ടില്‍ പിറന്ന ഈണത്തിന് എഴുതാന്‍ കഴിഞ്ഞ പാട്ടാണ് അദ്ദേഹം പാടിയത്. ഒരു യാത്രാഗാനമാണ്.

Summary: The movie Palum Pazhavum, featuring lyricist Nidheesh Naderi, who hails from Koyilandy, is hitting the theaters today. The note written by Nidheesh sharing some memories during the recording of the song for the film is getting a lot of attention.