പത്തു വർഷത്തെ പ്രണയത്തിനൊടുവിൽ ഒന്നിച്ചു, വിവാഹം കഴിഞ്ഞ് ഇരുപതാം നാൾ മരണം; രണ്ടു ഗ്രാമത്തെ മുഴുവൻ കണ്ണീർ കയത്തിലാഴ്ത്തി കടിയങ്ങാട് സ്വദേശി രജിലാലിന്റെ മരണം


പേരാമ്പ്ര: ഇനിയും നാടിനും നാട്ടുകാർക്കും ഉൾക്കൊള്ളാനായിട്ടില്ല രജിലാലിന്റെ വിയോഗം. ഞായറാഴ്ച മീന്തുള്ളിപ്പാറയില്‍ ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ ഇരുവരെയും പ്രദേശത്തിന്റെ മനോഹാരിത വീണ്ടും മടക്കിവിളിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം പ്രകൃതിസൗന്ദര്യം നുകരാനെത്തിയ റെജിയുടെ ജീവന്‍ പുഴയുടെ കയങ്ങള്‍ കവർന്നെടുക്കുകയായിരുന്നു. രണ്ടു ഗ്രാമത്തെ മുഴുവൻ കണ്ണീർ കയത്തിലാഴ്ത്തിയാണു കടിയങ്ങാട് കുളക്കണ്ടത്തിൽ പഴുപ്പട്ട രജിലാൽ യാത്രയായത്.

പത്തു വർഷത്തെ പ്രണയത്തിനൊടുവി ൽ കഴിഞ്ഞ മാസം 14-നാണ് പാലേരിയിലെ വി.പി.സുരേഷിന്റെ മകളും നൃത്താധ്യാപി കയുമായ കനിഹയെ രജിലാൽ ജീവിത സഖിയാക്കിയത്. സ്കൂളിൽ ആരംഭിച്ച പരിചയം പ്രണയമായി വളർന്നപ്പോൾ ഇരു വീട്ടുകാരും അവരോടൊപ്പം നിന്നു.

ഇരുവരുടേയും വീടിനു സമീപമാണ് ജാനകിക്കാട് ഇക്കോ ടൂറിസം. ആ സ്ഥലം ഇഷ്ട്ടമായതോടെ കുടുംബവുമായി ഇരുവരും വീണ്ടും പോവുകയായിരുന്നു. ഇതിനിടയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാലുതെന്നി ഒഴുക്കില്‍പ്പെട്ട് താഴ്ചയുള്ള ഭാഗത്തേക്ക് കനികയും രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് രജിലാലും നൊടിയിടയില്‍ ഒഴുകി പോവുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ പ്രദേശത്ത് റോഡുപണിക്കായെത്തിയ ലോറിയിലെ ജീവനക്കാരാണ് ആദ്യം പുഴയിലേക്ക് ചാടി കനികയെ പുറത്തെടുത്തത്.

കനികയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഇരുപതു മിനിറ്റോളം നീണ്ട തിരച്ചിലിനൊടുവിലാണ് രജിലാലിനെ കണ്ടെത്തി പുറത്തെത്തിക്കാനായത്. രജിലാലിനെ പന്തിരിക്കരയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഗൾഫിലുള്ള സഹോദരന്‍ രഥുലാല്‍ എത്തിയ ശേഷം സംസ്‌കാരം വീട്ടുവളപ്പില്‍ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. നാട്ടുകാര്‍ക്കേവര്‍ക്കും പ്രിയങ്കരനായിരുന്ന രജിലാലിന്റെ വേർപാട് ഇപ്പോഴും വിശ്വസിക്കാനാവാതെ തരിച്ചുനില്‍ക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. ബാംഗളൂരിൽ ആയിരുന്നു ജോലിയെങ്കിലും നാട്ടറിലെത്തുമ്പോഴെല്ലാം രജി സാംസ്‌കാരിക പ്രവർത്തനങ്ങളിലെല്ലാം മുൻപന്തിയിലുണ്ടായിരുന്നു.